Sorry, you need to enable JavaScript to visit this website.

ഏക സിവിൽ കോഡ്: പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കാന്തപുരം നിവേദനം നൽകി

കോഴിക്കോട്- ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലെ ആശങ്കകൾ അറിയിച്ച്  കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി, നിയമ മന്ത്രി, നിയമ കമ്മീഷൻ എന്നിവർക്ക്  നിവേദനം നൽകി. ഇന്ത്യയുടെ പ്രധാന സവിശേഷതയായ ബഹുസംസ്‌കാരവും  വൈവിധ്യങ്ങളും ഇല്ലായ്മ ചെയ്യുന്നതിലേക്കും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിലേക്കും ഏകീകൃത സിവിൽ കോഡ് വഴിവെക്കുമെന്നും ഇവ്വിഷയത്തിൽ കേന്ദ്രസർക്കാർ പുനരാലോചന നടത്തണമെന്നും കാന്തപുരം നിവേദനത്തിൽ ആവശ്യപ്പെട്ടു. സാംസ്‌കാരികവും മതപരവുമായ വൈവിധ്യങ്ങൾ നിലനിൽക്കെ തന്നെയാണ് ഇന്ത്യ ഇന്ന് കാണുന്ന പ്രതാപവും വികസനവും കൈവരിച്ചത്. രാജ്യ പുരോഗതിയെ ഈ വൈവിധ്യങ്ങൾ ഹനിക്കുന്നില്ലെന്നും മതേതര ജനാധിപത്യ രാജ്യത്ത് ഭൂരിപക്ഷന്യൂനപക്ഷ വേർതിരിവില്ലാതെ  എല്ലാ വിഭാഗങ്ങളെയും സർക്കാർ ഒരുപോലെ  പരിഗണിക്കേണ്ടതുണ്ടെന്നും കത്തിൽ സൂചിപ്പിച്ചു. ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും  ബഹുസ്വര സമൂഹത്തിന് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ നിഷേധമാണ് അതെന്നും നേരത്തെ കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു. 
രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ തീരുമാനം സ്വീകരിക്കണമെന്നും കാന്തപുരം നിവേദനത്തിൽ  ആവശ്യപ്പെട്ടു.
 

Latest News