Sorry, you need to enable JavaScript to visit this website.

'പ്രോപഗണ്ട സംഘത്തിന്' കോൺഗ്രസ് പാറാവ് വേഷം അണിയുന്നത് പരിഹാസ്യം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം - മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് സംരക്ഷണം ഒരുക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവന ഉയർന്ന രാഷ്ട്രീയ നിലവാരം പുലർത്തേണ്ട ഒരു നേതാവിന്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലാത്ത നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. 

മറുനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമവും അതിന്റെ എഡിറ്റർ ഷാജൻ സ്‌കറിയയും ഇക്കാലമത്രയും തുടർന്നു പോന്ന മാധ്യമപ്രവർത്തന രീതിയും ശൈലിയും അറിയാത്തവരല്ല കെ. സുധാകരൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ. വ്യക്തിഹത്യയും മതവിദ്വേഷവും സാമുദായിക ധ്രുവീകരണവും വ്യാജ വാർത്തകളും പ്രചരിപ്പിച്ചു കൊണ്ടാണ് ആ സ്ഥാപനം കേരളത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്നത്. ആർ.എസ്.എസിന്റെ സവർണ്ണ വംശീയതയുമായും ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളുമായും ബന്ധപ്പെട്ട വാർത്തകൾ സ്ഥിരമായി തമസ്‌കരിക്കുന്ന മാധ്യമം കൂടിയാണത്. 

സംഘ്പരിവാറിന്റെ ശക്തമായ സാമ്പത്തിക - രാഷ്ട്രീയ പിൻബലം മറുനാടൻ മലയാളിക്കും ഷാജൻ സ്‌കറിയക്കും ഉണ്ടെന്ന ആരോപണം ശക്തമാണ്. മറുനാടൻ നടത്തുന്നത് ശരിയായ മാധ്യമ പ്രവർത്തനമല്ലെന്ന് പറഞ്ഞു കൊണ്ടാണ് കേരളത്തിലെ കോടതികൾ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിയത്. കേരളത്തിന് പുറത്തും ഷാജനെതിരിൽ കേസുകളുണ്ട്.

തീർത്തും പ്രതിലോമകരമായ മാധ്യമ സംസ്‌കാരം പ്രസരിപ്പിക്കുന്ന മറുനാടനെ പോലെയുള്ള മാധ്യമങ്ങളുടെ തെറ്റായ രീതികളും ശൈലികളും നിയമനടപടിക്രമങ്ങൾക്ക് വിധേയമാകേണ്ടതുണ്ട്. തീർത്തും നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി വാർത്തകൾ പടച്ചുണ്ടാക്കുകയും വ്യാജ നിർമിതികളിലൂടെ വംശീയ  വർഗീയ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെയും അതിന്റെ എഡിറ്ററുടെയും കുടില നീക്കങ്ങളെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ തലത്തിൽ നിന്ന് കൊണ്ടല്ല സുധാകരനെ പോലുള്ള നേതാക്കളും കോൺഗ്രസ്സ് പാർട്ടിയും സമീപിക്കേണ്ടത്.

ഭരണകക്ഷിക്കും സംസ്ഥാന സർക്കാറിനും എതിരായ വാർത്തകളെയും അത് പുറത്തു കൊണ്ട് വരുന്ന മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്ന സർക്കാർ നയങ്ങളെ അതിന്റേതായ തലത്തിൽ നിന്ന് കൊണ്ട് വിമർശിക്കേണ്ടതുണ്ട്. എന്നാൽ ആ ഗണത്തിൽ പെടുത്താവുന്ന സാമൂഹിക പ്രതിബദ്ധതയോടെയുള്ള മാധ്യമ ധർമത്തിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്ത ഒരു 'പ്രോപഗണ്ട സംഘത്തിന്' സംരക്ഷണം ഒരുക്കുമെന്ന് പറഞ്ഞ് കെ. സുധാകരനും കോൺഗ്രസ് പാർട്ടിയും പാറാവ് വേഷം അണിയുന്നത് പരിഹാസ്യവും പ്രതിഷേധാർഹവുമാണ് -റസാഖ് പാലേരി അഭിപ്രായപ്പെട്ടു. 
 

Latest News