കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്ക് നേരിട്ട് വിമാനം ഉടന്‍; ആദ്യം സൗദി എയര്‍ലൈന്‍സ്

മലപ്പുറം- കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കുള്ള (കോഡ്-ഇ) വിലക്ക് നീക്കുന്നതു സംബന്ധിച്ച് നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു സര്‍ക്കാര്‍ നിലപാട് ഇന്ന് വ്യക്തമാക്കും. ജൂലൈ 31-നകം വിലക്ക് നീങ്ങുമെന്നും ഇതു സംബന്ധിച്ച് മന്ത്രിയുടെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എയര്‍പോര്‍ട്ട് ഉപദേശക സമിതി അധ്യക്ഷന്‍ പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വലിയ വിമാനങ്ങക്കുള്ള അനുമതി ഈ മാസം അവസാനത്തോടെ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു പറഞ്ഞു. കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ പറത്താന്‍ സന്നദ്ധരായി ഇപ്പോള്‍ രംഗത്തുള്ളത് സൗദി എയര്‍ലൈന്‍സ് ആണ്. അനുമതി ലഭിക്കുന്നതോടെ എയര്‍ ഇന്ത്യ അടക്കമുള്ള കമ്പനികളുടെ സര്‍വീസുകള്‍ക്കും നടപടി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

എയര്‍പോര്‍ട്ടില്‍ സുരക്ഷാ അവലോകനം നടത്തി തങ്ങള്‍ക്കാവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടെന്ന ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സൗദിയ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്നും ആദ്യം ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് തുടങ്ങാന്‍ സന്നദ്ധ അറിയിച്ചത്. എന്നാല്‍ കോഡി ഇ വിമാനങ്ങളുടെ സര്‍വീസിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ)-ന്റെ അന്തിമാനുമതി കരിപ്പൂര്‍ വിമാനത്താവളത്തിന് ലഭിച്ചകാത്തതിനാല്‍ സൗദി എയര്‍ലൈന്‍സ് കാത്തിരിക്കുകയാണ്.

അനുമതി ലഭിച്ച് സൗദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കുന്നതോടെ എമിറേറ്റ്‌സ് അടക്കമുള്ള മറ്റു വിദേശ കമ്പനികളും വലിയ വിമാന സര്‍വീസുകളുമായി തിരിച്ചെത്തും. എയര്‍ ഇന്ത്യയും ഡിജിസിഎയുടെ അനുമതി വരുന്നതും കാത്തിരിക്കുകയാണ്. പ്രാരംഭ സുരക്ഷാ അവലോകനം എയര്‍ ഇന്ത്യ നടത്തിയിട്ടുണ്ടെന്ന് മാനേജര്‍ അലി റസ ഖാന്‍ അറിയിച്ചു. അനുമതി ലഭിച്ചാല്‍ സ്വാഭാവികമായും എയര്‍ ഇന്ത്യയും സൗദിയിലേക്ക് നേരിട്ട് സര്‍വീസുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ കോഴിക്കോട് എം.പി എം കെ രാഘവന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരം ഇന്ന് സമാപിക്കും.
 

Latest News