സിംഗപ്പൂര്‍- തൊണ്ട വേദന, തൊണ്ടയില്‍ ശക്തമായ ചൊറിച്ചില്‍, നിറുത്താതെയുള്ള ഛര്‍ദ്ദി, ഭക്ഷണമിറക്കാന്‍ പ്രയാസം. സിംഗപ്പൂരിലെ ടാന്‍ ടോക് സെംഗ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 55കാരന്റെ രോഗലക്ഷണങ്ങളായിരുന്നു ഇത്. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ക്ക് പനിയോ മറ്റ് രോഗങ്ങളോ കണ്ടെത്തിയില്ല. അസ്വഭാവികത തോന്നിയ ഡോക്ടര്‍ ഇദ്ദേഹത്തെ സി.ടി സ്‌കാന് വിധേയമാക്കി. രോഗിയുടെ അന്നനാളത്തില്‍ എന്തോ തടഞ്ഞിരിക്കുന്നതായി വ്യക്തമായി. ഇത് കണ്ടെത്താന്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയുടെ ഫലം കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. ജീവനില്ലാത്ത ഒരു നീരാളിയായിരുന്നു അത്.
നീരാളി അടങ്ങിയ ഭക്ഷണ വിഭവം ഇദ്ദേഹം കഴിച്ചിരുന്നു. ഇതാണ് അന്നനാളത്തില്‍ കുടുങ്ങിയത്. ഏതായാലും ഏറെ പണിപ്പെട്ട് ഡോക്ടര്‍മാര്‍ നീരാളിയെ പുറത്തെടുത്തു. രോഗി രണ്ട് ദിവസത്തിനുള്ളില്‍ സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് മടങ്ങുകയും ചെയ്തു.2018ലായിരുന്നു ഈ സംഭവം നടന്നതെന്ന് വൈദ്യശാസ്ത്ര ജേര്‍ണലുകള്‍ ചൂണ്ടിക്കാട്ടുന്നു. രോഗിയെ പറ്റിയുള്ള മറ്റ് വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 2016ല്‍ യു.എസിലും കാന്‍സാസില്‍ സുഷി വിഭവം കഴിക്കുന്നതിനിടെ രണ്ട് വയസുകാരന്റെ തൊണ്ടയില്‍ സമാന രീതിയില്‍ ചെറിയ നീരാളി കുടുങ്ങിയിരുന്നു.