സംഗതി അപകടത്തിലേക്കുള്ള യാത്രയായി; ദൈര്‍ഘ്യമേറിയ ചുംബന റെക്കോര്‍ഡ് ഒഴിവാക്കി ഗിന്നസ് റെക്കോര്‍ഡ്

ലണ്ടന്‍- ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനത്തിനുള്ള റെക്കോര്‍ഡ് രേഖപ്പെടുത്തുന്ന പരിപാടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഒഴിവാക്കുന്നു. മത്സരം വളരെ അപകടകരമായ രീതിയില്‍ വരെ എത്തുന്നു എന്ന തിരിച്ചറിവുണ്ടായതോടെയാണ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

ദൈര്‍ഘ്യമേറിയ ചുംബനത്തിനുള്ള റെക്കോര്‍ഡിനായി ശ്രമിക്കുന്നവര്‍ ചുണ്ടുകള്‍ എല്ലായ്പ്പോഴും പരസ്പരം സ്പര്‍ശിക്കുന്നതായിരിക്കണമെന്ന നിയമമുണ്ട്. ചുണ്ടുകള്‍ തമ്മില്‍ അകലമുണ്ടായാല്‍ മത്സരത്തില്‍ നിന്ന് പുറത്താകും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌ട്രോ വഴി വെള്ളം കുടിക്കാന്‍ അനുവാദമുണ്ടെങ്കിലും അപ്പോഴും ചുണ്ടുകള്‍ വേര്‍പെടുത്താന്‍ പാടില്ല. ദമ്പതികള്‍ എപ്പോഴും ഉണര്‍ന്നിരിക്കണമെന്നു മാത്രമല്ല വിശ്രമങ്ങളോ ഇടവേളയോ അനുവദിക്കുകയുമില്ല. 

1999-ല്‍ ഇസ്രായേലില്‍ നിന്നുള്ള കര്‍മിത് സുബേരയും ഡ്രോര്‍ ഓര്‍പാസും 30 മണിക്കൂര്‍ 45 മിനിറ്റ് ചുംബിച്ച് ലോക റെക്കോര്‍ഡ് നേടിയെങ്കിലും ക്ഷീണത്തെ തുടര്‍ന്ന് അവര്‍ ആശുപത്രിയിലേക്കാണ് പോയത്. 2004-ലെ മത്സരത്തില്‍ 37കാരനായ ഇറ്റലിക്കാരന്‍ ആന്‍ഡ്രിയ സാര്‍ട്ടി കാമുകിയായ തായ്‌ലന്റുകാരി അന്ന ചെനെയെ 31 മണിക്കൂര്‍ 18 മിനിറ്റ് ചുംബിച്ച് മത്സരം വിജയിച്ചതിന് പിന്നാലെ മയങ്ങി വീഴുകയായിരുന്നു. 

2013 ല്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനത്തിന്റെ ലോക റെക്കോര്‍ഡ് തായ് ദമ്പതികളായ എക്കച്ചായിയും ലക്ഷണ തിരനാരട്ടും സ്വന്തമാക്കി. 58 മണിക്കൂര്‍ 35 മിനിറ്റ് നേരമാണ് ചുംബിച്ചു തീര്‍ത്തത്.

Latest News