വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ വരന് ദാരുണാന്ത്യം

പള്ളിക്കല്‍-വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സ്‌കൂട്ടറില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പള്ളിക്കല്‍ ബസാറിനടുത്ത് റൊട്ടിപ്പീടികയില്‍ താമസിക്കുന്ന പാണമ്പ്ര തോന്നിയില്‍ സെയ്തലവിയുടെ മകന്‍ കല്ലുവളപ്പില്‍ ഷാഹുല്‍ ഹമീദ് (കുഞ്ഞിപ്പ-27) ആണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഷാഹുല്‍ ഹമീദ് പള്ളിക്കല്‍ ബസാറിലെ കോഴിക്കടയില്‍ ജീവനക്കാരനാണ്. കടയില്‍ നിന്നും റൊട്ടിപ്പീടികയിലുള്ള വീട്ടിലേക്കു പോവുകയായിരുന്ന ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് കടയില്‍ നിന്നും ദൂരെയല്ലാതെ റോഡില്‍ തെന്നി മറിയുകയാണുണ്ടായത്. ഉടനെത്തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാഹുല്‍ ഹമീദിന്റെ വിവാഹം 16 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്നതാണ്. ശനിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നെടുങ്ങോട്ടുമാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ് :സുലൈഖ.
സഹോദരങ്ങള്‍: ഫാസില, ബുഷ്‌റ, മുബഷിറ, ഫിദ, ദില്‍ക്കാസ

 

Latest News