പാലക്കാട്- പിരായിരി പഞ്ചായത്തിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദൾ (എസ്) അംഗം സുഹറ ബഷീർ അടുത്ത ദിവസം രാജി വയ്ക്കുമെന്ന് സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റി. ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എൽഡിഎഫിന്റെ നയം. അതിനാൽ പിരായിരി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും രാജിവെക്കുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായി സുഹറ മത്സരിച്ചപ്പോൾ 11 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫിന് പഞ്ചായത്തിൽ എട്ട് അംഗങ്ങളാണുള്ളത്. യുഡിഎഫിനായി മത്സരിച്ച ലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ടും ലഭിച്ചു. ബി.ജെ.പിയുടെ മൂന്ന് വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചുവെന്ന തിരിച്ചറിവിൽ ഉടൻ രാജിവെക്കാനാണ് നിർദ്ദേശം നൽകിയത്. തെരഞ്ഞെടുപ്പ് പ്രക്രിയ വൈകിയതിനാലാണ് വെള്ളിയാഴ്ച തന്നെ രാജി സമർപ്പിക്കാൻ കഴിയാതിരുന്നത്. അടുത്ത ദിവസം തന്നെ രാജി നൽകുമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. ആവശ്യപ്പെടാതെയാണ് ബി.ജെ.പി പിന്തുണ നൽകിയത് എന്ന് ഇടതു മുന്നണി അറിയിച്ചു.