Sorry, you need to enable JavaScript to visit this website.

വീട്ടു ചെലവിന് അയച്ച പണം എന്ത് ചെയ്‌തെന്ന് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, ഭര്‍ത്താവിനെ ഭാര്യ കൈ കെട്ടിയിട്ട് പൊതിരെ തല്ലി

കാണ്‍പൂര്‍ - വീട്ടു ചെലവിന് അയച്ചു കൊടുത്ത പണം എന്ത് ചെയ്‌തെന്ന് ചോദിച്ചത് ഇഷ്ടപ്പെടാതിരുന്ന ഭാര്യ ഭര്‍ത്താവിനെ കെട്ടിയിട്ട് പൊതിരെ തല്ലി, അതുമാത്രമല്ല, ഭാര്യയുടെ സഹോദരിയുടെ കൈയ്യില്‍ നിന്നും കിട്ടി തല്ല്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ദെഹത്തിലാണ് സംഭവം. ബനാസറില്‍ താമസിക്കുന്ന ശിവകുമാറിനെയാണ് ഭാര്യയും ഭാര്യാ സഹോദരിയും ചേര്‍ന്ന് കെട്ടിയിട്ട് പൊതിരെ തല്ലിയത്. ഇതിന്റെ  വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.  താന്‍ അയച്ച പണം എങ്ങനെ ചെലവഴിച്ചുവെന്ന് പറയണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് ശിവകുമാറിന്റെ പരാതി. ശിവകുമാര്‍ സഹോദരനൊപ്പം ബനാറസില്‍ വണ്ടിയില്‍ കുല്‍ഫി വില്‍ക്കുന്ന ജോലിയാണ് ചെയ്യുന്നത്. എല്ലാ മാസവും ശിവകുമാര്‍ ഭാര്യ സുശീലയ്ക്ക് വീട്ടുചെലവിനായി പണം അയച്ചുകൊടുക്കുമായിരുന്നു. ഇത്തവണ ബനാറസില്‍ നിന്ന് ശിവകുമാര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന എട്ട് ക്വിന്റല്‍ ഗോതമ്പ് ഭാര്യ ആരോടും പറയാതെ വിറ്റതായി കണ്ടെത്തി. എന്തിനാണ് ഗോതമ്പ് വിറ്റതെന്നും വീട്ടു ചെലവിനായി ബനാറസില്‍ നിന്ന് അയച്ച 32,000 രൂപ എന്തു ചെയ്തുവെന്നും ശിവകുമാര്‍ ഭാര്യയോട് ചോദിച്ചു. ഇതിന്റെ ദേഷ്യത്തില്‍ ഭാര്യയും സഹോദരിയും  ചേര്‍ന്ന് ശിവകുമാറിന്റെ കൈകള്‍ കെട്ടി തള്ളിയിട്ട് വടികൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നുവെന്നാണ് പരാതി. ശിവകുമാര്‍ പരാതിയില്‍ ഭാര്യയ്ക്കും ഭാര്യാ സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തു.

 

Latest News