കോൺഗ്രസ് പ്രതീക്ഷ സുപ്രീംകോടതിയിൽ; ഭരണഘടന പ്രശ്‌നമായി ഉയർത്തികൊണ്ടുവരും 

ന്യൂദൽഹി- ക്രിമിനൽ മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ കോൺഗ്രസ്സ് പ്രതീക്ഷ ഇനി സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ഉടൻ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം. ഗുജറാത്ത് ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് തന്നെ വിധി പ്രതികൂലമാണെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുന്നതിനുള്ള നടപടികൾ  കോൺഗ്രസ് തുടങ്ങിയിരുന്നു. വിഷയത്തിൽ ഉടൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശും മുതിർന്ന അഭിഭാഷകനും കോൺഗ്രസ്സ് നേതാവുമായ അഭിഷേക് സിംഗ്‌വിയും വ്യക്തമാക്കി.ഭരണഘടന അനുഛേദം 136 പ്രകാരം രാഹുൽ ഗാന്ധിക്ക് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാകും. മാനഷ്ടക്കേസുകൾ ഇത്തരത്തിൽ കൈക്കാര്യം ചെയ്യുന്നത് ഭരണഘടന അനുഛേദം 19 പ്രകാരം  ഉറപ്പു നൽകുന്ന അഭിപ്രായ  സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന രീതിയിലും കോൺഗ്രസ് സുപ്രീംകോടതിയിൽ ഉയർത്തികൊണ്ടുവരും. ഇത് രാഹുൽഗാന്ധിയിൽ മാത്രമായി ഒതുങ്ങില്ലെന്നും രാഷ്ടീയക്കാരുടെയും, മാധ്യമ പ്രവർത്തകരുടെയുമൊക്കെ വായടപ്പിക്കാനുള്ള ആയുധമായി മാറുമെന്നുമാണ് കോൺഗ്രസ്സ് പറയുന്നത്. മാനനഷ്ട ആരോപണത്തിന്റെ പേരിൽ ശിക്ഷക്കപ്പെടു്ന്നവരുടെ പാർലിമെന്റ് അംഗത്വം വരെ നഷ്ടപ്പെടുത്തുന്ന രീതി ശരിയല്ലെന്ന അഭിപ്രായം നിയമ വൃത്തങ്ങളിലും ഇതിനോടകം ഉയർന്നുവന്നിട്ടുണ്ട്. 
 
വിധി അപ്രതീക്ഷിതമല്ലെന്ന് കോൺഗ്രസ്സ് 

മോഡി പരാമർശത്തിലെ മാനനഷ്ടക്കേസിലെ വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധി അപ്രതീക്ഷിതമല്ലെന്ന് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.വാദം പൂർത്തിയാക്കി 66 ദിവസങ്ങൾക്ക് ശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഒരു പ്രത്യേക സമുദായത്തിന് മാനഹാനി ഉണ്ടാക്കുന്ന യാതൊന്നും രാഹുൽ പറഞ്ഞിട്ടില്ല.പരാമർശിക്കപ്പെട്ട വ്യക്തികൾക്ക് എങ്ങനെ മാനഹാനിയുണ്ടായെന്ന് വ്യക്തമല്ല.മാനനഷ്ടക്കേസ് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സിംഗ് വി പറഞ്ഞു. ഈ പൊള്ളത്തരം ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.ജനങ്ങളുടെ കോടതിയിൽ വലിയ പ്രതീക്ഷയുണ്ടെന്നും നിയമത്തിന് മുമ്പിൽ ഇനിയും വഴികളുണ്ടെന്നും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാ്ന്ധിക്ക് ജനങ്ങളെ അപമാനിക്കുന്ന ട്രാക്ക് റെക്കോർഡില്ലെന്നും പരാതികൾക്ക് പിന്നിൽ വലിയ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും സിഗ് വി വ്യക്തമാക്കി. മാനനഷ്ടക്കേസിലെ പരമാവധി ശിക്ഷയായ 2 വർഷത്തെ തടവ് വിധിക്കാനുള്ള എന്ത് ഗൗരവമാണ് രാഹുലിന്റെ പ്രസ്താവനയിലുള്ളത്?. ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെയാണ് രാഹുലിന് ശിക്ഷ വിധിച്ചത്. ഹൈ്‌ക്കോടതി വിധിപോലും അവ്യക്തമാണ്. രാജ്യത്തെ പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ഉപകരണം മാത്രമാണ് ഈ കേസ്. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജയറാം രമേശും പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പ്രതിപക്ഷ ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ രാഹുൽ ഗാന്ധിക്ക് ഹൈക്കോടതിയിൽ നിന്നും ഇളവ് ലഭിക്കാത്തത് കോൺഗ്രസ്സിന് വലിയ തിരിച്ചടിയാണ്.
 

Latest News