ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ ഒരുമിച്ചു ജീവിക്കുന്ന വ്യത്യസ്ത മതവിശ്വാസികൾ സൈന്ധവ നാഗരികതയിലെന്ന പോലെ ശാന്തിമന്ത്രം ഉരുവിട്ടുകൊണ്ടും പരസ്പരം സഹായിച്ചുകൊണ്ടും മാനവികത ഉയർത്തിപ്പിടിച്ച് മുന്നേറേണ്ടതുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയമുപയോഗിക്കുന്ന ഹിന്ദുത്വ കാർഡിൽ വീണുപോകരുത്. അങ്ങനെയുള്ള ഏകശില രാഷ്ട്ര സങ്കൽപം ഭാരതത്തിന്റെ പൈതൃകമല്ല. വൈദേശികവും ഫാസിസവുമാണത്. ഏത് വസ്ത്രം ധരിക്കണം, എന്തു ഭക്ഷിക്കണം, ഏതു ഭാഷ സംസാരിക്കണം എന്നൊക്കെയുള്ള നിയമങ്ങൾ ചുട്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇതല്ല ഇന്ത്യയെന്നത് ഓരോ വീട്ടിലും പഠിപ്പിക്കേണ്ട കാര്യമാണ്.
2023 ന്റെ ആദ്യപാദത്തിൽ തന്നെ ഇന്ത്യയെ ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു. ഇതുവരെ ചൈനക്കായിരുന്നു ആ സ്ഥാനം. ഇന്ന് ലോക ജനസംഖ്യയിൽ 18% ഇന്ത്യയുടെ സംഭാവനയാണ്. അതുപോലെ ലോക ജി.ഡി.പിയുടെ 15 ശതമാനവും നമ്മുടെ രാജ്യത്തിന്റേതാണ്. ശുഭോദർക്കമായ കാര്യങ്ങൾ തന്നെ. എന്നാൽ രാഷ്ട്രീയ ഇന്ത്യയുടെ സ്ഥാനം എവിടെയാണെന്നത് ഇതേക്കാളുമൊക്കെ പ്രാധാന്യമുള്ളതാണ്. നാം, ഇന്ത്യക്കാർ ശാന്തിയിലും സമാധാനനത്തിലും ജീവിക്കുന്ന ജനത കൂടിയാണെന്ന് ഉറപ്പു വരുത്തേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്.
രാജ്യസ്‌നേഹം, ദേശീയത എന്നൊക്കെ പറയുന്നത് കർമപഥത്തിലേക്കെടുക്കുമ്പോൾ പൗരാണിക ഇന്ത്യ നമുക്കൊപ്പം പദം ചേർന്ന് നടക്കുന്നുവെന്നതിന്റെ ഉറപ്പാക്കലാണ്. എല്ലാത്തിനെയും അംഗീകരിക്കുന്ന ഭാരത വർഷത്തിന്റെ മതം സനാതന ധർമമായിരുന്നു. ആ ഭാരതം മതാതീത സൗഹൃദം പൂത്തുലഞ്ഞ പുണ്യഭൂമിയായിരുന്നു. ലോകത്തൊരിടത്തും നിലനിൽക്കാത്ത സാഹോദര്യവും സഹിഷ്ണുതയും നമുക്കുണ്ടായിരുന്നു. നാനാത്വത്തിൽ ഏകത്വമാണ് സനാതന ധർമത്തിന്റെ കാതൽ. ബഹുസ്വരമാണ് ഇന്ത്യയുടെ ഉള്ളടക്കം.
ഇന്ത്യയുടെ ആത്മാവ് ഉൾക്കൊള്ളലിന്റേതാണ്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ആവിർഭാവ കാലത്തു തന്നെ ക്രിസ്ത്യാനികൾ ഇന്ത്യയിലെത്തി. അതിനും ആയിരത്തഞ്ഞൂറ് വർഷം മുമ്പ് പിറവികൊണ്ട ജൂതമതം നേരത്തെ തന്നെ ഇന്ത്യയിലുണ്ട്. മക്കയിൽ ഇസ്‌ലാം സ്ഥാപിതമായി ഏതാനും വർഷങ്ങൾ കൊണ്ട് ഇന്ത്യ ഇസ്ലാമിനെയും വാരിപ്പുണർന്നു. വാൾ, യുദ്ധം, കുതന്ത്രം മുതലായ വിപൽ മാർഗേണയല്ല മതങ്ങൾ ഇന്ത്യയിൽ വന്നതും നിന്നതും വളർന്നതും. മതം പൗരാണിക ഭാരതത്തിൽ ഒരു തർക്കവിഷയമേ ആയിരുന്നില്ല. ബി.സി മൂന്നാം നൂറ്റാണ്ടിൽ മൗര്യ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായ മഹാനായ അശോകൻ ബുദ്ധമതത്തിലേക്ക് മതപരിവർത്തനം ചെയ്ത വ്യക്തിയാണ്. ആ ബുദ്ധമതത്തിന്റെ സത്യം, ധർമം, നീതി തുടങ്ങിയ 24 ഗുണഗണങ്ങളെയാണ് അശോക ചക്രത്തിലെ ആരക്കോലുകൾ പ്രതിനിധാനം ചെയ്യുന്നത്.
പുരാതന ഇന്ത്യയിൽ ജാതി ഉണ്ടായിരുന്നു; അത് ശക്തവുമായിരുന്നു. ഒരു ജാതിയിൽനിന്ന് മറ്റൊരു ജാതിയിലേക്ക്, മതങ്ങൾ മാറുന്ന പോലെ മാറാറില്ലായിരുന്നു. അതിന് കാരണം ജാതി തൊഴിലുമായി ബന്ധപ്പെട്ട സ്വത്വമായിരുന്നു. സ്വത്വം അങ്ങനെ മാറില്ലല്ലോ. ചെയ്യുന്ന തൊഴിലിന്റെ വൈവിധ്യത്തിനനുസരിച്ച് ജാതികൾക്കുള്ളിലെ വിശ്വാസങ്ങളും ആരാധനകളും വൈവിധ്യപൂർണമായിരുന്നു. എന്നാൽ ജാതികൾക്കിടയിൽ ശ്രേണികളില്ലായിരുന്നു. ചാതുർവർണ്യം പോലുള്ള വിവേചനങ്ങളില്ലായിരുന്നു. ഇന്ത്യയുടെ സാമൂഹിക അടിത്തറ ജാതി തന്നെയായിരുന്നു; മതങ്ങളായിരുന്നില്ല. ആദിമ സിന്ധു നദീതട സംസ്‌കാരം പ്രായേണ ശാന്തവും സ്വഛവും മാതൃകാപരവുമായിരുന്നു. ഈ ആദിമ വിഭാഗം അറിയപ്പെട്ടിരുന്നത് ദസ്യുക്കൾ എന്ന പേരിലാണ്.
ഇഷ്ടമുള്ളത് വിശ്വസിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു ദസ്യുക്കൾക്കിടയിൽ. കാരണം അവരെല്ലാവരും ചേർന്ന ഒരു പ്രത്യേക മതം അവർക്കില്ലായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായി മതപ്രചാരണം സജീവമായിരുന്നു. ഈ മിഷനറി പ്രവർത്തനമറിയപ്പെട്ടിരുന്നത് ശ്രമണ സംഘങ്ങൾ എന്നാണ്. 63 ശ്രമണ സംഘങ്ങൾ ഉണ്ടായിരുന്നു. ചില ഗോത്രങ്ങൾ പ്രകൃതി പ്രതിഭാസങ്ങളിൽ വിശ്വസിച്ചിരുന്നു. സൂര്യനും ചന്ദ്രനും ഭൂമിയും പൂർവപിതാക്കളും ചാത്തനും കാളിയുമൊക്കെ അവർക്ക് ആരാധ്യരായിരുന്നു. ശ്രമണ സംഘങ്ങൾക്ക് പുറമേയാണിത്. തങ്ങളുടെ ആദർശം ശരിയാണെന്ന് വിശ്വസിക്കുമ്പോൾ തന്നെ മറ്റുള്ളവരുടേത് തീർത്തും തെറ്റാണെന്ന നിലപാട് അവർക്കിടയിലില്ലായിരുന്നു. പല നദികൾ പലവഴിക്ക് ഒഴുകിയൊഴുകി സമുദ്രത്തിലെത്തിച്ചേരുന്ന പോലെ എല്ലാ ദർശനങ്ങളും സത്യത്തിലേക്കുള്ള പ്രവാഹമാണെന്ന് മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ ശ്രമണ സംഘങ്ങൾക്കിടയിൽ ശത്രുത കുറവായിരുന്നു.
ഈ മഹത്തായ പാരമ്പര്യം എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ചുരുക്കിപ്പറയാം. മനുഷ്യ പലായനങ്ങൾക്ക് ആരംഭം കുറിച്ചത് മധേഷ്യയിൽനിന്നാണ്. ഒരുപക്ഷേ ദസ്യുക്കളും മധ്യേഷ്യയിൽനിന്ന് സിന്ധു നദീതടത്തിലേക്ക് പല കാലങ്ങളായി കുടിയേറിയവരാകാം. എങ്കിലും മധ്യേഷ്യയിലെ ബാബിലോണിയയിൽ നിന്നും 3500-4000 വർഷം മുമ്പ് ഒരു വിഭാഗം ഇന്ത്യയിലേക്ക് കുടിയേറി സിന്ധു നദീതടത്തിലും ഗംഗാസമതലത്തിലും താമസമാക്കി. അവരാണ് ആര്യന്മാർ. സ്വദേശികളുടെ വിശ്വാസവും ജാതിയുമൊന്നും അവർക്ക് പരിചിതമായിരുന്നില്ല.
പുറമേനിന്ന് വന്നവരായതുകൊണ്ട് ആദിവാസികളിൽ മേൽക്കോയ്മ നേടിയെടുക്കേണ്ടത് രാഷ്ട്രീയ നിലനിൽപിന് അവശ്യമായിരുന്നു. അങ്ങനെയവർ ദസ്യുക്കളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാരംഭിച്ചു. അറിവിന്റെ വക്താക്കളായി അവർ സ്വയം അവരോധിച്ചു. ആദ്യമൊക്കെ ദസ്യുക്കൾക്കിടയിലെ സംസ്‌കാര വൈവിധ്യത്തിൽ ഇടപെട്ടു. യാഗങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. അവർക്കിടയിലെ മത്സരങ്ങളിലും യുദ്ധങ്ങളിലും പക്ഷം ചേർന്നു. കണിശമായ മതവിശ്വാസം കുത്തിവെച്ചു. ശാസനകൾ ഉണ്ടാക്കി.
ജാതിക്കുമേൽ മതം ആധിപത്യം സ്ഥാപിച്ചു. ഈ ആധിപത്യത്തിനെതിരെ ഉയർന്ന സാമൂഹിക പ്രതികരണമായി ബുദ്ധ-ജൈന-സിക്ക് മതങ്ങൾ ഉടലെടുത്തു. എന്നാൽ മഹാഭൂരിപക്ഷം ജനങ്ങളുടെയും അവസ്ഥ ഇതിലും പരിതാപകരമായിരുന്നു. അവർ ചാതുർവർണ്യത്തിന് പുറത്തായിരുന്നു. അവർണർ, അസ്പൃശ്യർ. അവരെ മനുഷ്യരായി കണ്ടില്ല. പട്ടിക്കും പൂച്ചക്കുമുള്ള സ്ഥാനം പോലും അവർക്കില്ലായിരുന്നു. ഇതൊന്നും സനാതന ധർമത്തിന്റെ ഭാഗമായിരുന്നില്ല. അധികാരം സ്ഥാപിക്കുവാനും നിലനിർത്തുവാനും മതത്തിലേക്ക് കൂട്ടിച്ചേർത്തവയാണ്. വേദങ്ങളിൽ സദുദ്ദേശ്യത്തോടെ നിർദേശിച്ച ചില സങ്കൽപങ്ങളെ ഉപയോഗിച്ചുണ്ടാക്കിയ സ്മൃതികളാണ് ഇവയുടെ ആധാരം. വിശേഷിച്ചും മനുസ്മൃതി.
ഭാരതത്തിലെ ജനലക്ഷങ്ങളെ കീഴ്‌പ്പെടുത്തിക്കൊണ്ട് വിദേശികൾ ഇവിടെ കോളനികൾ സ്ഥാപിക്കാൻ ഇടയായത് ഈ വർണാശ്രമ നിയമങ്ങളാണ്. ശക്തരായ ശരീര പ്രകൃതിയുള്ള, മഹാഭൂരിപക്ഷം വരുന്ന അവർണർക്ക് ആയുധമെടുക്കുവാനും വൈദേശിക ശക്തികളോട് പോരാടാനും അവസരമുണ്ടായിരുന്നെങ്കിൽ ഏതാനും ആയിരങ്ങൾ ദശലക്ഷങ്ങളെ അടിമകളാക്കുമായിരുന്നില്ല. എന്നാൽ ഈ വസ്തുതകൾക്കുമേൽ മൂടുപടമണിഞ്ഞുകൊണ്ട് മതം വീണ്ടും വിഷയമാക്കി കത്തിച്ചുനിർത്തി ഇന്ത്യയെ ആഭ്യന്തരമായി ശിഥിലമാക്കുന്ന ദുരന്തത്തിന് ഒരിക്കലൂടെ കളമൊരുങ്ങിക്കഴിഞ്ഞു. അതാണ് ഇന്നത്തെ മതവൈര രാഷ്ട്രീയം.
ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യയിൽ ഒരുമിച്ചുജീവിക്കുന്ന വ്യത്യസ്ത മതവിശ്വാസികൾ സൈന്ധവ നാഗരികതയിലെന്ന പോലെ ശാന്തിമന്ത്രം ഉരുവിട്ടുകൊണ്ടും പരസ്പരം സഹായിച്ചുകൊണ്ടും മാനവികത ഉയർത്തിപ്പിടിച്ച് മുന്നേറേണ്ടതുണ്ട്. വെറുപ്പിന്റെ രാഷ്ട്രീയമുപയോഗിക്കുന്ന ഹിന്ദുത്വ കാർഡിൽ വീണുപോകരുത്. അങ്ങനെയുള്ള ഏകശില രാഷ്ട്ര സങ്കൽപം ഭാരതത്തിന്റെ പൈതൃകമല്ല. വൈദേശികവും ഫാസിസവുമാണത്. ഏത് വസ്ത്രം ധരിക്കണം, എന്തു ഭക്ഷിക്കണം, ഏതു ഭാഷ സംസാരിക്കണം എന്നൊക്കെയുള്ള നിയമങ്ങൾ ചുട്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഇതല്ല ഇന്ത്യയെന്നത് ഓരോ വീട്ടിലും പഠിപ്പിക്കേണ്ട കാര്യമാണ്.
സാംസ്‌കാരിക ഫാസിസമാണ് ഇന്ത്യൻ രാഷ്ട്രീയം നേരിടുന്ന ഇന്നത്തെ പ്രധാന വെല്ലുവിളി. കശ്മീർ ഫയൽ, കേരള സ്റ്റോറി എന്നിവയൊക്കെ അത്തരം അപരവൽക്കരണ ശ്രമങ്ങളാണ്. ഇവയെല്ലാം സത്യമാണെന്ന് വിശ്വസിപ്പിക്കാൻ സിനിമ പോലുള്ള പ്രൊപ്പഗണ്ടക്ക് ശക്തിയുണ്ടെന്ന് തെളിയിക്കപ്പെട്ടതാണ്. ജനങ്ങളുടെ സഹജ വാസനകളെയും വികാരങ്ങളെയും ലക്ഷ്യമാക്കിയുള്ള മുദ്രാവാക്യങ്ങളിലൂടെയാണ് ജർമനിയിൽ നാസിസം ജനങ്ങളെ ആകർഷിച്ചത്.






