കേരളത്തിൽ ശക്തമായ ഒരു സിവിൽ സമൂഹം നിലവിലില്ല എന്ന യാഥാർത്ഥ്യത്തെയും കാണാതിരുന്നുകൂടാ. സിവിൽ സമൂഹത്തിൽ നിന്നുയർന്നു വരുന്ന പല ജനകീയ സമരങ്ങളും വിജയം കാണാറുണ്ടെന്നതു ശരി തന്നെയാണ്. പക്ഷേ അതു താൽക്കാലികം മാത്രമാണ്. ആത്യന്തികമായി കക്ഷിരാഷ്ട്രീയത്താൽ വിഭജിക്കപ്പെട്ട സമൂഹമാണ് നമ്മുടേത്. ശരി തെറ്റുകളെല്ലാം തീരുമാനിക്കപ്പെടുന്നത് പാർട്ടി നേതൃത്വം എടുക്കുന്ന നിലപാടിനനുസൃതമാണ്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ ഇത്. അതിനിടയിലായിരുന്നു ജനാധിപത്യ വിശ്വാസികൾക്ക് ഏറെ പ്രതീക്ഷ നൽകിയ കർണാടക തെരഞ്ഞെടുപ്പ് ഫലം വന്നത്.
ആ തെരഞ്ഞെടുപ്പു ഫലം നൽകിയ പ്രതീക്ഷയിലാണ് രാജ്യത്തെ ജനാധിപത്യ - മതേതര വിശ്വാസികൾ. പ്രതിപക്ഷ പാർട്ടികൾക്കും പ്രസ്തുത തെരഞ്ഞെടുപ്പു ഫലം ആവേശം നൽകി. അതിന്റെ തെളിവാണ് പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കാനുളള ശ്രമങ്ങൾക്ക് ആക്കം കൂടിയിരിക്കുന്നത്. അതു തിരിച്ചറിയുന്നതുകൊണ്ടു തന്നെയാണ് ബി.ജെ.പിയുടെ കാർമികത്വത്തിൽ മഹാരാഷ്ട്ര നാടകം നടന്നതും ഏക സിവിൽ കോഡ് കൊണ്ടുവരാനുള്ള നീക്കം ഊർജിതമായതും. പ്രതിപക്ഷ ഐക്യത്തെ തകർക്കുക, അതിലൂടെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ വൻവിജയം നേടുക എന്നതു തന്നെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. അതു തന്നെയാണ് ഇപ്പോൾ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
അതിനിടയിൽ കർണാടക തെരഞ്ഞെടുപ്പിനെ ഏറെ സ്വാധീനിച്ച ഒരു ഘടകം കാണാതെ പോകുന്നത് ശരിയായിരിക്കില്ല. അത് അവിടത്തെ പ്രചാരണത്തിലും ഫലത്തിലും സിവിൽ സമൂഹം വഹിച്ച പങ്കാണ്. അത് പെട്ടെന്നുണ്ടായ പ്രതിഭാസമായിരുന്നില്ല. നിരവധി സിവിൽ സമൂഹ സംഘടനകൾ ഒത്തുചേർന്ന്, ചർച്ച ചെയ്ത് എടുത്ത തീരുമാനങ്ങൾ കൃത്യമായി പ്രായോഗികമാക്കുകയായിരുന്നു. അതാകട്ടെ വളരെ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സമൂഹത്തെ കുറിച്ചുള്ള അടിസ്ഥാന ധാരണ രൂപപ്പെടുത്തൽ, വ്യത്യസ്ത ടീമുകളെ തയാറാക്കൽ, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ, സാമൂഹ്യ പൊതുമാധ്യമങ്ങളിലൂടെയുള്ള ശക്തമായ പ്രചാരണങ്ങൾ ആവിഷ്‌കരിക്കാൻ, വളണ്ടിയർമാരുടെ ശൃംഖലകൾ സൃഷ്ടിക്കൽ, വിവിധ മണ്ഡലങ്ങളിലും ബൂത്തുകളിലും സർവേകൾ നടത്തൽ, ആവശ്യമായ പ്രചാരണ മെറ്റീരിയലുകൾ തയാറാക്കൽ മുതലായവയെല്ലാം അതിന്റെ ഭാഗമായിരുന്നു. ബി.ജെ.പിക്കും അവരുയർത്തിപ്പിടിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനുമെതിരെ സിവിൽ സമൂഹത്തിൽ വലിയ തോതിലുള്ള വികാരം സൃഷ്ടിക്കാൻ ആ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു. അതിന്റെ ഗുണം സ്വാഭാവികമായും കോൺഗ്രസിനു ലഭിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ പ്രവർത്തന ശൈലി പിന്തുടരാൻ രാജ്യത്തെ സിവിൽ സമൂഹ പ്രസ്ഥാനങ്ങൾക്കു കഴിഞ്ഞാൽ ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് കടിഞ്ഞാണിടാനാകുമെന്നുറപ്പ്. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമൊന്നുമില്ലെങ്കിലും കേരളത്തിലെ സിവിൽ സമൂഹവും ഏറ്റെടുക്കേണ്ട രാഷ്ട്രീയ ദൗത്യമാണിത്. കാരണം അതു ശക്തിപ്പെടുത്തുന്നത് നമ്മുടെ മൊത്തം ജനാധിപത്യ സംവിധാനത്തെ തന്നെയായിരിക്കും.
എല്ലാ പ്രതിപക്ഷ കക്ഷികളും ഒരേ തരത്തിലുള്ള ജനകീയാവശ്യങ്ങൾ അംഗീകരിക്കുക, അടിച്ചമർത്തപ്പെട്ട സമൂഹങ്ങളുടെയും പ്രാദേശിക നേതാക്കളുടെയും ആവശ്യങ്ങളാണ് അവ എന്നുറപ്പു വരുത്തുക, സത്യമായിരുന്നു എന്ന് തെളിഞ്ഞ ദേശീയ തലത്തിലുള്ള ശാസ്ത്രീയ സർവേ ഫലങ്ങൾ വെച്ചുകൊണ്ട് ജനങ്ങളെ ഉണർത്താനുള്ള പ്രവർത്തനങ്ങൾ നടത്തുക തുടങ്ങി വ്യത്യസ്ത കോണുകളിൽ നിന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കർണാടകയിൽ കഴിഞ്ഞു. വാർത്താഭാരതി, ഗൗരി മീഡിയ, പീപ്പിൾ മീഡിയ തുടങ്ങിയ ജനകീയ മാധ്യമങ്ങളിലൂടെ അവർക്ക് ഇടപെടാൻ കഴിഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലെ യുവജനങ്ങളുടെ പ്രവർത്തനം മൂലം വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. ഭരണത്തിന്റെ ദുഷിച്ച വശങ്ങൾ തുറന്നു കാട്ടുന്നതിൽ 'ബഹുത്വ' എന്ന മാധ്യമം വലിയൊരു പങ്കു വഹിച്ചു. അവർ ജനങ്ങൾക്കിടയിൽ നടത്തിയ പ്രവർത്തനങ്ങളും അതിൽ പ്രവർത്തിച്ച വ്യത്യസ്ത അനുഭവങ്ങൾ ഉള്ളവരുടെ സംഭാവനകളും ജനങ്ങളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 'ബി.ജെ.പിയെ തോൽപിക്കുക, അവർക്ക് വോട്ട് ചെയ്യാതിരിക്കുക' എന്ന മുദ്രാവാക്യം സമൂഹത്തിന്റെ വിവിധ തലങ്ങളിൽ അലയടിച്ചു. അതായിരുന്നു കർണാടകയിൽ സംഭവിച്ചത്. നിരവധി പ്രഗത്ഭ വ്യക്തിത്വങ്ങളെ ഈ പരിപാടിയിൽ അണിനിരത്താൻ കഴിഞ്ഞു. എദ്ദെലു കർണാടക എന്ന പേരിലായിരുന്നു ഈ മുന്നേറ്റം അറിയപ്പെട്ടത്.
ഈ ശ്രമങ്ങളെ മുളയിലേ നുള്ളാൻ വേണ്ടി ബി.ജെ.പിയും കൂട്ടരും ശ്രമിച്ചിരുന്നു. കോൺഗ്രസിന്റെ തന്ത്രമാണിതെന്നായിരുന്നു പ്രധാന പ്രചാരണം. എന്നാൽ അതൊന്നുമവിടെ വിലപ്പോയില്ല. വാസ്തവത്തിൽ പൗരത്വ ഭേദഗതിക്കെതിരായ പോരാട്ടം മുതലേ ഇത്തരമൊരു മുന്നേറ്റത്തിന് അടിത്തറ ഒരുങ്ങിയിരുന്നു. തുടർന്ന് കോവിഡ് മഹാമാരി കാലത്തും സിവിൽ സമൂഹം അവരുടെ സമ്മർദം തുടർന്നുകൊണ്ടിരുന്നു. മഹാമാരിക്കാലത്ത് അതിഥി തൊഴിലാളികൾക്കാവശ്യമായ ബസുകളും സമാശ്വാസ സൗകര്യങ്ങളും നൽകാത്തതിനെതിരെയും. മഹാമാരിയെ തന്നെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നതിനെതിരെയും മെഴുകുതിരി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മേഴ്സി മിഷൻ എന്ന പേരിൽ പ്രവർത്തിച്ച സിവിൽ സമൂഹക്കൂട്ടായ്മ സർക്കാർ ചെയ്യേണ്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് കർഷക സമരത്തിന്റെ ഊഴമായിരുന്നു.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും മുസ്‌ലിം വിരുദ്ധ നയങ്ങൾ നടപ്പാക്കി ധ്രുവീകരണം സൃഷ്ടിക്കാനായിരുന്നു സർക്കാർ ശ്രമം. ഹിജാബ്, സിലബസ് മാറ്റം, ടിപ്പു വിരുദ്ധത, ഹലാൽ ഭക്ഷണ വിവാദം എന്നിങ്ങനെ അതു വളർന്നപ്പോൾ സൗഹാർദത്തിനായി ഒരു നടത്തം, സഹജീവനത്തിനായി ഒരു സമ്മേളനം എന്ന മുദ്രാവാക്യമുയർത്തി സിവിൽ സമൂഹവും രംഗത്തെത്തി. ബൾക്കീസ് ബാനുവിനെ ബലാൽസംഗം ചെയ്ത കേസിൽ പ്രതികളാക്കപ്പെട്ടവരെ വെറുതെ വിട്ടതിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിലും കർണാടകയിലെ സിവിൽ സമൂഹ സംഘടനകൾ സജീവമായി. വിലക്കയറ്റത്തിനും അഴിമതിക്കുമെതിരായ പോരാട്ടങ്ങളും നടന്നു. ഇതിന്റെയെല്ലാം തുടർച്ചയായിരുന്നു തെരഞ്ഞെടുപ്പിലെ ഇടപെടലും ഫലത്തിൽ നിർണായക പങ്കുവഹിച്ചതും. മറ്റു രാഷ്ട്രീയ കക്ഷികളുടെ പ്രകടന പത്രികകൾ പുറത്തു വരുന്നതിനു മുമ്പ് തന്നെ സിവിൽ സമൂഹം ഒരു ജനകീയ പ്രകടന പത്രിക പ്രസിദ്ധീകരിക്കുകയും അവയിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ തങ്ങളുടെ പ്രകടന പത്രികകളിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു എന്നതു പ്രത്യേകം പറയേണ്ടതുണ്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമാകുന്ന വേളയിൽ കർണാടകത്തിൽ നിന്ന് രാജ്യത്തിനും കേരളത്തിനും എന്തു പഠിക്കാനാകുമെന്നതാണ് പ്രധാനം. അവിടത്തെ പോലെ കേരളത്തിൽ ബി.ജെ.പി ഒരു പ്രധാന വെല്ലുവിളിയല്ല. പ്രധാന മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കാനുള്ള സാധ്യത കുറവാണ്. അപ്പോഴും ഫാസിസ്റ്റ് ഭീഷണി ഇവിടെയും വളരെ ശക്തമാണ്. സാംസ്‌കാരിക മേഖലയിൽ അവർ പിടിമുറുക്കുകയാണ്. ഇസ്‌ലാമോഫോബിയ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ക്രിസ്ത്യൻ സമൂഹത്തിലെ ഒരു വിഭാഗത്തെയും കൂടെ കൂട്ടാൻ അവർക്കായിട്ടുണ്ട്.
അതേസമയം കേരളത്തിൽ ശക്തമായ ഒരു സിവിൽ സമൂഹം നിലവിലില്ല എന്ന യാഥാർത്ഥ്യത്തെയും കാണാതിരുന്നുകൂടാ. സിവിൽ സമൂഹത്തിൽ നിന്നുയർന്നു വരുന്ന പല ജനകീയ സമരങ്ങളും വിജയം കാണാറുണ്ടെന്നതു ശരി തന്നെയാണ്. പക്ഷേ അതു താൽക്കാലികം മാത്രമാണ്. ആത്യന്തികമായി കക്ഷിരാഷ്ട്രീയത്താൽ വിഭജിക്കപ്പെട്ട സമൂഹമാണ് നമ്മുടേത്. ശരി തെറ്റുകളെല്ലാം തീരുമാനിക്കപ്പെടുന്നത് പാർട്ടി നേതൃത്വം എടുക്കുന്ന നിലപാടിനനുസൃതമാണ്. അതിശക്തമായ സംഘടന സംവിധാനത്തിലൂടെയും ഇടക്കിടെ ലഭിക്കുന്ന ഭരണത്തിന്റെ കരുത്തിലും കേരളത്തിലെ സിവിൽ സമൂഹത്തെയും എഴുത്തുകാരെയും സാംസ്‌കാരിക പ്രവർത്തകരെയുമൊക്കെ തങ്ങളുടെ വരുതിയിലാക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുമുണ്ട്. തങ്ങളോടു ചേർന്നു നിൽക്കാത്തവരെയെല്ലാം അരാഷ്ട്രീയവാദികളായും കോൺഗ്രസ് - ബി.ജെ.പിക്കാരായും മുദ്രയടിക്കാൻ അവർക്കാകുന്നു. അതിനായി വലിയൊരു സൈബർ നിരയും അവർക്കുണ്ട്. ശരിയായ ഒരു സിവിൽ സമൂഹം രൂപപ്പെടണമെങ്കിൽ അതിനെ മറികടക്കാനാകണം. അതാണ് നാം നേരിടുന്ന വലിയൊരു പ്രതിസന്ധി. അതത്ര എളുപ്പമല്ലെങ്കിലും സാധ്യമാകണം.






