തിരുവനന്തപുരം- അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ വിരളമായി പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്കായിരിക്കും ഈ രോഗം ബാധിക്കുകയെന്നും രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നതായും മന്ത്രി അറിയിച്ചു.
പാണാവള്ളിയില്‍ അപൂര്‍വ്വ രോഗം ബാധിച്ച് പതിനഞ്ചുകാരന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കിഴകക്കെ മായിത്തറ അനില്‍കുമാറിന്റെ മകന്‍ ഗുരുദത്ത് (15) ആണ് മരിച്ചത്.
ഇതിന് മുമ്പ് സംസ്ഥാനത്ത് അഞ്ച് പേര്‍ക്കാണ് ഈ രോഗം ബാധിച്ചതെന്നും മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. 2016ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിയ്ക്ക് ഇതേ രോഗം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും ഈ രോഗം ബാധിച്ചിരുന്നു. 100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണനിരക്ക്. കേരളത്തില്‍ ഇവ കണ്ടു പിടിക്കുന്നു എന്നതാണ് പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു.
മരിച്ച 15 വയസുകാരന് ജൂണ്‍ 29നാണ് പനി ആരംഭിച്ചത്. ജൂലായ് ഒന്നിന് തലവേദന, ഛര്‍ദി, കാഴ്ചമങ്ങല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും പരസ്പര ബന്ധമില്ലാത്ത പെരുമാറ്റവും മറ്റു അസ്വസ്ഥയും പ്രകടിപ്പിച്ചതിനെ തുടര്‍ന്നു എന്‍ഫലൈറ്റിസ് സംശയിക്കുകയും മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്യുകയും ചെയ്തു. വീടിനു സമീപമുള്ള കുളങ്ങളില്‍ കുളിച്ചതായി മനസിലാക്കുന്നു. ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍ ഐ. സി. യുവില്‍ പ്രവേശിപ്പിക്കുകയും വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം കുട്ടിയെ പരിശോധിക്കുകയും ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്തതായും മന്ത്രി പറഞ്ഞു.