Sorry, you need to enable JavaScript to visit this website.

ബാലസോര്‍ തീവണ്ടി ദുരന്തത്തില്‍ മൂന്ന് ജീവനക്കാരെ സി. ബി. ഐ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി- ഒഡീഷയിലെ ബാലസോറില്‍ 293 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത തീവണ്ടി ദുരന്തത്തില്‍ ഇന്ത്യന്‍ റെയില്‍വേയിലെ മൂന്ന് ജീവനക്കാരെ സി. ബി. ഐ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സാധ്യതയുണ്ടോ എന്ന് കേന്ദ്ര ഏജന്‍സി അന്വേഷിച്ചു വരികയായിരുന്നു.

അരുണ്‍ കുമാര്‍ മഹന്ത, മുഹമ്മദ് അമീര്‍ ഖാന്‍, പപ്പു കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.   മൂന്ന് പേരുടെയും പ്രവൃത്തികള്‍ അപകടത്തില്‍ കലാശിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 

മൂന്ന് ജീവനക്കാരുടേയും പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തില്‍ കലാശിക്കുമെന്ന് 'അവര്‍ക്ക് അറിയാമായിരുന്നു'വെന്ന് കുറ്റപ്പെടുത്തിയ അന്വേഷണ ഏജന്‍സി കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. 

അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ കഴിഞ്ഞയാഴ്ച സിഗ്‌നലിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞിരുന്നു. അട്ടിമറിയോ സാങ്കേതിക തകരാറോ യന്ത്രത്തകരാറോ ഉണ്ടാകാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു.

Latest News