ആലപ്പുഴയില്‍ അപൂര്‍വ്വ രോഗം ബാധിച്ച പത്താം ക്ലാസുകാരന്‍ മരിച്ചു, രോഗം പകര്‍ന്ന് തോട്ടിലെ വെള്ളത്തില്‍ നിന്ന്

ആലപ്പുഴ - ആലപ്പുഴയില്‍ അപൂര്‍വ്വ രോഗമായ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന്‍ ഗുരുദത്ത് (15) ആണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.  കഴിഞ്ഞ ഞായറാഴ്ച മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് അണുബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന രോഗ ലക്ഷണങ്ങള്‍. 2017 ലാണ് ഇതിന് മുന്‍പ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്. നെഗ്‌ളേറിയ ഫൗലെരി എന്ന അമീബയാണ് ഈ അപൂര്‍വ രോഗത്തിന് കാരണം. നെഗ്‌ളേറിയ ഫൗലെരി അമീബയുടെ സാന്നിധ്യമുള്ള നദികളിലോ തടാകങ്ങളിലോ ഇറങ്ങുമ്പോള്‍ മൂക്കിലൂടെ അണുക്കള്‍ ശരീരത്തിലെത്തിയാണ് സാധാരണയായി ഇത് ആളുകളിലേക്ക് പടരുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

 

Latest News