സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കാം; സി.എ.എ വിരുദ്ധ നാടകത്തില്‍ സ്‌കൂളിനെതിരായ ഹരജി തള്ളി

ബംഗളൂരു- നാടകത്തില്‍ പ്രധാനമന്ത്രിയെ ചെരിപ്പ് കൊണ്ട് അടിക്കണമെന്നതു പോലുള്ള വാചകങ്ങള്‍ അപകീര്‍ത്തികരവും നിരുത്തരവാദപരവുമാണെങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബെഞ്ച്.
സിഎഎ വിരുദ്ധ നാടകം അവതരിപ്പിച്ചതിന് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ബിദാറിലെ ഷഹീന്‍ സ്‌കൂളിനെതിരെ 2020 ല്‍ ഫയല്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി.
സര്‍ക്കാര്‍ നയത്തെ ക്രിയാത്മകമായി വിമര്‍ശിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ നയപരമായ തീരുമാനമെടുത്തതിന് ഭരണഘടനാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ കഴിയില്ല. അതില്‍ ചില വിഭാഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടാകാം- ജസ്റ്റിസ് ഹേമന്ദ് ചന്ദനഗൗഡര്‍  വിധിയില്‍ പറഞ്ഞു.
ആക്ടിവിസ്റ്റ് നിലേഷ് രക്ഷല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിദാറിലെ ഷഹീന്‍ എജുക്കേഷന്‍ സൊസൈറ്റിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.
സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും തീരുമാനങ്ങളെ വിമര്‍ശിക്കാനും അഭിപ്രായം പങ്കുവെക്കാനും പൗരന് അവകാശമുണ്ടെന്ന് കേദാര്‍ നാഥ് സിംഗ് വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് ബീഹാര്‍ കേസില്‍ സുപ്രീം കോടതിയുടെ വിധിയെ പരാമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് ചന്ദനഗൗഡര്‍ പറഞ്ഞു. വാക്കുകള്‍ക്കോ പ്രയോഗങ്ങള്‍ക്കോ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഉദ്ദേശ്യമുണ്ടെങ്കില്‍ മാത്രമേ സെക്ഷന്‍ 124എ പ്രയോഗിക്കാന്‍ കഴിയൂ- ജഡ്ജി  പറഞ്ഞു.

Latest News