ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു; യുവതിക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നല്‍കണം

റാഞ്ചി- ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച വിധവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടു. ഇയാളുടെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും ഉത്തരവിട്ടു.
2015 ജൂണില്‍ ധന്‍ബാദില്‍ പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവിനെ ശരീരത്തില്‍ ഒന്നിലധികം മുറിവുകളോടെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹരജിക്കാരിയായ ബബിതാ ദേവി ഹൈക്കോടതിയെ സമീപിച്ചത്.
കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് ഉമേഷ് സിംഗിനെ രാവിലെ വിട്ടയക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ബബിതാ ദേവിയെ അറിയിച്ചിരുന്നു. പിന്നീട് യുവതിയുടെ ഭര്‍ത്താവിനെ നിരവധി പരിക്കുകളോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സിഐഡിക്ക് കൈമാറിയെങ്കിലും എല്ലാ കുറ്റങ്ങളില്‍നിന്നും പോലീസുകാരെ ഒഴിവാക്കി. എന്നാല്‍ കേസ് പരിഗണിച്ച ഹൈക്കോടതി കസ്റ്റഡി മരണമാണെന്ന്  കണ്ടെത്തി. നഷ്ടപരിഹാര തുകയായ അഞ്ച് ലക്ഷം രൂപ ആറാഴ്ചയ്ക്കകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

 

Latest News