Sorry, you need to enable JavaScript to visit this website.

ഏക സിവിൽകോഡിൽ കോൺഗ്രസിന് നയമുണ്ടോയെന്ന് പിണറായി

തിരുവനന്തപുരം-ഏക സിവിൽ കോഡ് വിഷയത്തിൽ സ്വന്തം നിലപാട് പറയുന്നതിന് പകരം സി.പി.എമ്മിനെ അധിക്ഷേപിക്കുന്നത് കോൺഗ്രസ്സിന്റെ ഒളിച്ചോട്ടതന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്സിന് ദേശീയ തലത്തിൽ വ്യക്തമായ നിലപാടും നയവുമുണ്ടോ ഉണ്ടെങ്കിൽ  അതെന്താണെന്നും അദ്ദേഹം ചോദിച്ചു.

ഹിമാചൽ  മന്ത്രികൂടിയായ കോൺഗ്രസ്സ് നേതാവ് വിക്രമാദിത്യ സിംഗ് ഏകസിവിൽ കോഡിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമാണോ കോൺഗ്രസ്സിന്റെ ഔദ്യോഗിക നിലപാട്.  തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപിയെ എതിർക്കുന്നതിലപ്പുറം രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിഷയങ്ങളിൽ സംഘപരിവാറിനെതിരെ നിലകൊള്ളാൻ കോൺഗ്രസ്  മടിക്കുകയാണ്.  ദൽഹി സംസ്ഥാന സർക്കാരിനനുകൂലമായ സുപ്രീം കോടതിവിധി അസാധുവാക്കാൻ കേന്ദ്രം കൊണ്ടുവന്ന ജനാധിപത്യ വിരുദ്ധ ഓർഡിനൻസിനെ കോൺഗ്രസ്സ് ഫലത്തിൽ അനുകൂലിക്കുകയാണ്.   ഭരണഘടനാ തത്വങ്ങളെപ്പോലും അട്ടിമറിക്കാൻ മടിക്കില്ലെന്ന പ്രഖ്യാപനമാണ് സംഘപരിവാർ ഈ ഓർഡിനൻസിലൂടെ നടത്തിയത്.  എന്നാൽ ദൽഹി സർക്കാരിനെതിരെ നിലപാടെടുക്കാനാണ് കോൺഗ്രസ്സിന്റെ ഡൽഹി, പഞ്ചാബ് ഘടകങ്ങൾ തീരുമാനിച്ചത്. ദേശീയ നേതൃത്വവും  ദൽഹിയിലെ ആം ആദ്മി സർക്കാരിന് പിന്തുണ നൽകാൻ തയ്യാറായില്ല. ഏക സിവിൽ കോഡ് വിഷയത്തിലും ഇതേ വഞ്ചനാപരമായ നിലപാടാണ് കോൺഗ്രസ്സ്  പിന്തുടരുന്നതെന്നും പിണറായി ആരോപിച്ചു.
 

Latest News