തിരുവനന്തപുരം- സംസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന കനത്തമഴ അടുത്ത രണ്ടുദിവസം തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. വ്യാഴാഴ്ചയും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ തീരദേശ മേഖലകളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ മേഖലയിൽð 3.5 മീറ്റർ മുതൽ 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴയിൽ തിരുവനന്തപുരം ആര്യനാട് മലയടിയിൽ പത്താംക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. മലയടി നിരപ്പിൽ വീട്ടിൽ അക്ഷയ് (15) ആണ് മരിച്ചത്. പാറശ്ശാലയിൽ വീടിന് മുകളിൽ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയിൽ കാൽ വഴുതിവീണ് ഗൃഹനാഥൻ മരിച്ചു. ചെറുവാരക്കോണം ബ്രൈറ്റ് നിവാസിൽ ചന്ദ്രൻ (68) ആണ് മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയൽ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. ഇതോടെ ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞദിവസം കാണാതായ രണ്ടു പേർക്കായി തെരച്ചിൽ തുടരുന്നു. തലശേരിയിൽ പുഴയിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. വടകരയിൽ വൈദ്യുതി ലൈൻ പൊട്ടിവീണ് വിദ്യാർഥി മരിച്ചു.
മഴയിൽ സംസ്ഥാനത്ത് 112 ദുരിതാശ്വാസ ക്യാമ്പുകളിലായി 2531 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ വ്യാഴാഴ്ച വൈകിട്ട് നാല് മണിവരെ 29 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു. ക്യാമ്പിൽ ആകെ 766 കുടുംബങ്ങളിൽ നിന്നായി 1064 സ്ത്രീകൾ, 1006 പുരുഷന്മാർ, 461 കുട്ടികൾ എന്നിവരാണുള്ളത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ 52. 1085 പേർ ഈ ക്യാമ്പുകളിൽ കഴിയുന്നു. കോട്ടയത്ത് 35 ക്യാമ്പുകളിലായി 348 പേരാണുള്ളത്. ആലപ്പുഴ ജില്ലയിൽ 121 വീടുകൾ ഭാഗീകമായി തകർന്നു. കൂടുതൽ വീടുകൾ മുഴുവനായും തകർന്നത് പാലക്കാടാണ് ഏഴ്. തൃശ്ശൂരിൽ ആറ്, കോഴിക്കോട് നാല്, എറണാകുളം രണ്ട്, മലപ്പുറം, വയനാട്, കാസർകോട് ഒന്ന് വീതം എന്നിങ്ങനെയാണ് ദുരതാശ്വാസ ക്യാമ്പുകളുടെ കണക്ക്.
കണ്ണൂർ കാപ്പിമല വൈതൽക്കുന്നിലും ചെറുപുഴ ഉദയംകാണാക്കുന്നിലും ഉരുൾപൊട്ടി. ചെറുപുഴയിൽ റോഡ് ഒലിച്ചുപോയി. വൈദ്യുതി തൂണുകൾ തകർന്നു. വൈതൽക്കുന്ന് വെള്ളച്ചാട്ടത്തിനു സമീപവും ഉരുൾപൊട്ടി. മുഴപ്പിലങ്ങാട് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്എട്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കാസർകോട് വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായി. മണിക്കൂറുകളെടുത്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലയിൽ പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി. എളയാവൂരിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീടുകൾ അപകട ഭീഷണിയിലായി. മരംവീണ് വിദ്യാർഥിനി മരിച്ച അംഗടിമൊഗർ ജി.എച്ച്.എസ്.എസ് സ്കൂളിന് സമീപവും മണ്ണിടിച്ചിലുണ്ടായി. മൊഗ്രാൽ, ഷിറിയ പുഴകൾ കരകവിഞ്ഞു. മംഗൽപ്പാടി മീഞ്ച പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം തകർന്നു. ചാലിയാറും ചെറുപുഴയും കവിഞ്ഞൊഴുകിയതൊടെ മാവൂർ വെള്ളപ്പൊക്ക ഭീഷണിയിലാണ്. കല്ലൂർപുഴ കരകവിഞ്ഞതോടെ വയനാട് പുഴംകുനി കോളനിയിൽ ഒറ്റപ്പെട്ടവരെ അഗ്നിരക്ഷാസേന രക്ഷിച്ചു. പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
കോഴിക്കോട് വടകര തീരദേശത്തെ വീടുകളിൽ വെള്ളം കയറി. ഏഴ് കുടുംബങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. നാദാപുരം മേഖലയിൽ വെള്ളക്കെട്ട് കാരണം കൂടുതൽ പ്രദേശങ്ങൾ ദുരിതത്തിലായി. വിഷ്ണുമംഗലം പുഴയിൽ ബണ്ട് ഷട്ടറുകൾ നാലും തുറന്നിട്ടും കരകവിഞ്ഞ് ഒഴുകുകയാണ്.
അമ്പലപ്പുഴ തിരുവല്ല പാതയിൽ നെടുമ്പ്രത്ത് വെള്ളംകയറി കെ.എസ്.ആർ.ടി.സി സർവീസടക്കം ഭാഗികമായി തടസ്സപ്പെട്ടു. തിരുമൂലപുരത്ത് എംസി റോഡിലും വെള്ളംകയറി. പത്തനംതിട്ടയുടെ വിവിധ മേഖലകളിലും അപ്പർ കുട്ടനാടിലും വീടുകളിൽ വെള്ളംകയറി. ചമ്പക്കുളത്ത് 50 ഏക്കറുള്ള മാനങ്കരി ഇളം പാടത്ത് മടവീണു. കോട്ടയത്തെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കമുണ്ടായി. പെരുമഴയ്ക്കൊപ്പം രൂക്ഷമായ കടൽക്ഷോഭവും കനത്തതോടെ തീരദേശ മേഖല ദുരിതക്കയത്തിലായി. പശ്ചിമകൊച്ചിയിലെ ചെല്ലാനം മനശ്ശേരി മുതൽ കണ്ണമാലി വരെ കടലിനോട് ചേർന്നുള്ള വീടുകൾ വെള്ളത്തിലാണ്. കടൽക്കയറ്റത്തിൽ ദുരിതത്തിലായ കുടുംബങ്ങൾ കണ്ണമാലിയിൽ നാലുമണിക്കൂറിലേറെ തീരദേശ പാത ഉപരോധിച്ചു. അപ്പർകുട്ടനാട്ടിലും എറണാകുളത്തും നൂറുകണക്കിന് വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ചില താഴ്ന്ന പ്രദേശങ്ങളിൽ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
കാസർകോട് തൃക്കണ്ണാട് കടൽക്ഷോഭം തടയാൻ നാട്ടുകാർ സംരക്ഷണഭിത്തി നിർമിച്ചു. ചിത്താരി കടപ്പുറത്ത് കടൽ വെള്ളം വീടുകളിൽ അടിച്ചു കയറി. രൂക്ഷമായ കടലാക്രമണം മൂലം ബേക്കൽ, മുസോഡി, തുടങ്ങിയ തീരപ്രദേശങ്ങളിലെ സ്ഥിതി ആശങ്കാജനകമാണ്.
പത്തനംതിട്ട ജില്ലയിൽ ക്വാറികളുടെ പ്രവർത്തനവും മണ്ണെടുപ്പും നിരോധിച്ച് കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മാസം ഒമ്പക് വരെയാണ് നിരോധനം.
ആലപ്പുഴയിൽ ആറാട്ടുപുഴ, മംഗലം, പത്തിശേരി തുടങ്ങിയ ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. കൊല്ലത്ത് തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമായി. കൊല്ലം ബീച്ചിന്റെ ഭൂരിഭാഗവും കടലെടുത്തു. തിരുവനന്തപുരം അഞ്ചുതെങ്ങ് മുതലപ്പൊഴി പൊഴിമുഖത്ത് വള്ളം മറിഞ്ഞ് നാലുമത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വിതുര പോലീസ് സ്റ്റേഷൻ പരിസരത്ത് മരം കടപുഴകി എട്ട് വാഹനങ്ങൾ തകർന്നു.






