Sorry, you need to enable JavaScript to visit this website.

പൊന്ന് പോയാല്‍ സഹിക്കാം, പൊന്നും വിലയുള്ള തക്കാളി മോഷ്ടാക്കളുടെ കണ്ണില്‍ പെടാതെ സൂക്ഷിക്കാനാകാതെ കര്‍ഷകര്‍

ബെംഗളുരു - പൊന്ന് പോയാല്‍ പിന്നെയും സഹിക്കാം, ഇപ്പോള്‍ പൊന്നും വിലയുള്ള തക്കാളി മോഷണം പോയാലോ? കിലോഗ്രാമിന് 120 രൂപയിലേറെ വിലയുള്ള തക്കാളിയാണ് കഴിഞ്ഞ ദിവസം ഹാസന്‍ ജില്ലയിലെ സോമനഹള്ളി ഗ്രാമത്തില്‍ നിന്ന് മോഷണം പോയത്. തക്കാളി കള്ളന്‍മാര്‍ എത്തിയതോടെ ഇതുവരെ പാടത്തും പറമ്പിലും കൂട്ടിയിട്ടിരുന്ന തക്കാളി എവിടെ സൂക്ഷിക്കുമെന്ന അങ്കലാപ്പിലാണ് തക്കാളി കര്‍ഷകര്‍. ഏതാനും മാസം മുന്‍പ് കിലോഗ്രാമിന് 50 പൈസ പോലും കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ തക്കാളി റോഡില്‍ ഉപേക്ഷിച്ച അവസ്ഥയില്‍ നിന്നാണ് ഇപ്പോള്‍ കിലോഗ്രാമിന്റെ വില 100 മുതല്‍ 120 രൂപ വരെയായി കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിച്ചത്. ഇതിനിടയിലാണ് തക്കാളി കള്ളന്‍മാര്‍ രംഗത്തിറങ്ങിയതും ഒന്നര ലക്ഷം രൂപയുടെ തക്കാളി മോഷണം പോയതും. 
സോമശേഖര്‍ എന്ന കര്‍ഷകന്‍ 60ഓളം ചാക്കുകളിലായി സൂക്ഷിച്ച ഒന്നര ലക്ഷം രൂപ വിലവരുന്ന തക്കാളിയാണ് മോഷണം പോയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സോമശേഖര്‍ തന്റെ കൃഷിയിടത്തില്‍ തക്കാളി കൃഷി ചെയ്തുവരികയാണ്. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ സോമശേഖറിന്റെ മകന്‍ ധരണി ഫാമിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വിളവെടുത്ത തക്കാളിയുടെ പകുതിയും മോഷണം പോയെന്ന് സോമശേഖറിന്റെ ഭാര്യ പാര്‍വതമ്മ പറഞ്ഞു. മോഷ്ടാക്കളുടെ കണ്ണില്‍ പെടാതെ തക്കാളി എവിടെ സൂക്ഷിക്കുമെന്നറിയാതെ വിഷമത്തിലായിരിക്കുകയാണ് തക്കാളി കര്‍ഷകര്‍. സോമശേഖറിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഗ്രാമവാസികളില്‍ നിന്ന് ശേഖരിച്ചുവെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ലേബീഡു പൊലീസ് ഇന്‍സ്‌പെക്ടര്‍ ശിവന ഗൗഡ പാട്ടീല്‍ പറഞ്ഞു.

 

Latest News