ഹൈദരാബാദ്- പോക്കറ്റടിക്കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖലീലുല്ല എന്നയാളുടെ കൊലപാതകത്തില്‍ പങ്കുള്ള ആറുപേരെയാണ് അത്തപൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം.
പഹാഡി ശരീഫ് സ്വദേശി സയ്യിദ് ഉസ്മാന്‍ ഹുസൈന്‍ (31), ചിന്തല്‍മെട്ട് സ്വദേശി മുഹമ്മദ് യൂസഫ് (48), ചിന്തല്‍മെട്ട് സ്വദേശി റിസ്വാന്‍ (23), ചിന്തല്‍മെട്ട് സ്വദേശി മുഹമ്മദ് ഷാഫി (26), മുഹമ്മദ് മസൂദ് (27) അത്തപൂര്‍ സ്വദേശി മുഹമ്മദ് സല്‍മാന്‍ (23) എന്നിവരാണ് അറസ്റ്റിലായത്.
ഖലീലുല്ലയും മുഖ്യപ്രതി ഉസ്മാനും നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് രാജേന്ദ്രനഗര്‍ ഡിസിപി ജഗദീഷ് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. മോഷ്ടിച്ച വസ്തുക്കളുടെ പണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളെച്ചൊല്ലി ഭിന്നതയുണ്ടായി.
ഇരുവരും ഒരുമിച്ചാണ് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചിരുന്നതെന്നും അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഇരുവരും പിരിഞ്ഞതെന്നും ഡിസിപി പറഞ്ഞു.
ജൂലായ് ഒന്നിന് ഉസ്മാന്‍, യൂസഫ്, ഷാഫി, മസൂദ്, സല്‍മാന്‍, റിസ്‌വാന്‍ എന്നിവര്‍ ഖലീലുല്ലയെ കാണുകയും എല്ലാവരും മദ്യപിക്കുകയും ചെയ്തു. രാത്രി ചിന്തല്‍മെട്ടില്‍ സംഗമിച്ചപ്പോള്‍ ഉസ്മാനും ഖലീലുല്ലയും തമ്മില്‍ വഴക്കുണ്ടായി, തുടര്‍ന്ന് ഉസ്മാന്‍ കത്തിയെടുത്ത് ഖലീലുല്ലയെ കുത്തുകയായിരുന്നു. മറ്റുള്ളവര്‍ ഖലീലുല്ലയുടെ കൈകളും കാലുകളും പിടിച്ചുവെച്ചിരുന്നുവെന്നും ജഗദീഷ് റെഡ്ഡി പറഞ്ഞു.






