ഇടുക്കി-കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ച സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റു ചെയ്തു. കിഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം പാലോട് കള്ളിപ്പാറ കിഴക്കേക്കര വീട്ടിൽ ഷിജിരാജ്(49)നെയാണ് പീരുമേട് ഡിവൈ. എസ്.പി ജെ.കുര്യാക്കോസ് അറസ്റ്റു ചെയ്തത്. കേസിൽ നാലാം പ്രതിയാണ് ഷിജി രാജ്. ഒന്നും രണ്ടും പ്രതികളായ കിഴുകാനം സെക്ഷൻ ഫോറസ്റ്റർ വി. അനിൽകുമാർ (51), ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി.സി. ലെനിൻ (39) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഇവർ പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്.
അതിനിടെ ഹൈക്കോടതി നിർദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വാച്ചർമാരായ മത്തായിപ്പാറ മക്കാനിക്കൽ ടി. കെ.രാധാമണി (42). ഇടുക്കി കോളനി നീലാനപ്പാറയിൽ കെ.എൻ മോഹനൻ ( 46 ), മത്തായിപ്പാറ കവലയിൽ കെ. ടി ജയകുമാർ (41) എന്നിവരുടെ അറസ്റ്റു രേഖപ്പെടുത്തി ജാമ്യം നൽകി വിട്ടയച്ചു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഡി. എഫ് .ഒ അടക്കം വനം വകുപ്പിലെ 13 പേരാണ് കേസിലെ പ്രതികൾ. മൂന്നാം പ്രതി സീനിയർ ഗ്രേഡ് ഡ്രൈവർ കാഞ്ചിയാർ വടക്കൻ വീട്ടിൽ ജിമ്മി ജോസഫ് ഒളിവിലാണ്.2022 സെപ്റ്റംബർ 20നാണ് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറായ സരുൺ സജിയെ കിഴുകാനം ഫോറസ്റ്റർ അനിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്.






