തിരുവനന്തപുരം - കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി ജില്ലയിൽ അതിശക്തമായ മഴയായതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴയിൽ കനത്ത ജാഗ്രത വേണമെന്ന് മന്ത്രിസഭാ യോഗം നിർദ്ദേശിച്ചു.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. അങ്കൺവാടി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, മദ്രസകൾ തുടങ്ങി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ, പി.എസ്.സി, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് കലക്ടർ അറിയിച്ചു.
മഴക്കെടുതിയിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റി നിർത്തുന്നതിന് നിർദ്ദേശം നൽകണമെന്നും അറിയിപ്പിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതിയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി വീടുകളിൽ വെള്ളം കയറിയതിനാൽ ഈ കുടുംബങ്ങളെയെല്ലാം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.