തിരുവനന്തപുരം- മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയിയെ കേരള പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ ചെയര്‍പേഴ്‌സനായി നിയമിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ അംഗങ്ങളായി ഡോ. ജോയ് ജി. ഡിക്രൂസയെയും എച്ച്. ജോഷിനെയും നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി വകുപ്പിലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 2019 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ പരിഷ്‌ക്കരിക്കും. കേരള സംഗീത നാടക അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരത്തിലുള്ള തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം, അലവന്‍സുകള്‍ എന്നിവ 2021ലെ ഉത്തരവ് പ്രകാരം നല്‍കും. കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സ്ഥിരം ജീവനക്കാര്‍ക്ക് വ്യവസ്ഥയ്ക്ക് വിധേയമായി 1-ാം ശമ്പള പരിഷ്‌ക്കരണ നിയമപ്രകാരം ആനുകൂല്യങ്ങള്‍ നല്‍കും.
കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയില്‍ ഇളവ് നല്‍കി വീണ്ടും ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. മലയാളം മിഷന്‍ ഡയറക്ടറായി മുരുകന്‍ കാട്ടാക്കടയ്ക്കു പുനര്‍നിയമനം നല്‍കി. ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ്പ് ആക്ട് കരട് ബില്ലിന് അംഗീകാരം നല്‍കി. കേരളനികുതി ചുമത്തല്‍ നിയമങ്ങള്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനും മന്ത്രിസഭ തീരുമാനിച്ചു.