Sorry, you need to enable JavaScript to visit this website.

ചിഹ്നം തനിക്കു വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അജിത് പവാര്‍

ന്യൂദല്‍ഹി- വിമത പ്രവര്‍ത്തനം നടത്തി എന്‍. സി. പിയെ പിളര്‍ത്തിയതിനു പിന്നാലെ ഔദ്യോഗിക ചിഹ്നത്തിന് അജിത് പവാര്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. കൂടുതല്‍ എം. എല്‍. എമാര്‍ തനിക്കൊപ്പമാണെന്ന് കാണിച്ച അജിത് പവാര്‍ തന്റേതാണ് യഥാര്‍ഥ പാര്‍ട്ടിയെന്ന് അവകാശപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷനോട് ചിഹ്നം അനുവദിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ എന്‍. സി. പിയില്‍ നിന്നും ഷിന്‍ഡെ ശിവസേന-  ബി. ജെ. പി സര്‍ക്കാറിന്റെ ഭാഗമായ ഒന്‍പത് എം. എല്‍. എമാരെയും അയോഗ്യരാക്കണമെന്ന് ശരദ് പവാര്‍ വിഭാഗം നേതാവ് ജയന്ത് പാട്ടിലും തെരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍. സി. പിയുടെ 53 എം. എല്‍. എമാരില്‍ 29 പേരും അജിത് പവാറിനൊപ്പമാണുള്ളത്. ബാന്ദ്രയില്‍ അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 29 എം. എല്‍. എമാരാണ് പങ്കെടുത്തത്.

ശരദ് പവാര്‍ പക്ഷത്തിന്റെ യോഗത്തില്‍ 13 പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇരുപക്ഷത്തിന്റെ യോഗത്തിലും പങ്കെടുക്കാതെ 11 എം. എല്‍. എമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തു.  എം. എല്‍. എമാരില്‍ 35 പേര്‍ തനിക്കൊപ്പമുണ്ടെന്ന് ഉറപ്പാക്കാനായാല്‍ അയോഗ്യത മറികടക്കാനാകുമെന്ന വിശ്വാസത്തിലാണ് അജിത് പവാര്‍.

Latest News