കണ്ണൂർ-കോൺഗ്രസ് പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ഗേൾഫ്രണ്ട് പരാമർശത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിതിരെ കേസ്. കണ്ണൂരിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരവും സമൂഹത്തിൽ സംഘർഷം വളർത്തുന്നതുമായ തരത്തിൽ പ്രസംഗിച്ചതായി പൊതുപ്രവർത്തകൻ പി.കെ.ബൈജുവാണ് കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകിയത്.
സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിനെയും മുഖ്യമന്ത്രിയേയും കൂട്ടിച്ചേർത്ത് വിശ്വനാഥ പെരുമാൾ അധിക്ഷേപകരമായ പരാമർശം നടത്തിയതായി പരാതിയിൽ പറയുന്നു. പ്രസംഗത്തിന്റെ വീഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജും യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും ഇക്കാര്യത്തിൽ ഗൂഢാലോചന നടത്തിയതായും ഇവരുടെ പ്രേരണ പ്രസംഗത്തിലുണ്ടെന്നും ഇവർ സംഘർഷത്തിന് കോപ്പുകൂട്ടിയതെന്നും പരാതിയിലുണ്ട്. കോൺഗ്രസ് നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നതിനെതിരെ നടത്തിയ എസ്.പി ഓഫീസ് മാർച്ചിലായിരുന്നു വിശ്വനാഥ് പെരുമാളുടെ വിവാദ പരാമർശം. മുഖ്യമന്ത്രിക്കെതിരെ എട്ട് ചോദ്യങ്ങളുയർത്തിയ വിശ്വനാഥ് പെരുമാൾ, മുഖ്യമന്ത്രി, അങ്ങയുടെ ഗേൾഫ്രണ്ട് സ്വപ്നയ്ക്ക് സുഖമാണോ എന്നതടക്കം പരാമർശങ്ങൾ നടത്തിയിരുന്നു.