ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിക്കല്‍; പുറത്തു വന്നത് ബി. ജെ. പിയുടെ അറപ്പുളവാക്കുന്ന മുഖമെന്ന് രാഹുലും പ്രിയങ്കയും

മുംബൈ- മധ്യപ്രദേശില്‍ ബി. ജെ. പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത് മനുഷ്യത്വ രഹിതവും അറപ്പുളവാക്കുന്നതുമായ പ്രവര്‍ത്തിയെന്ന് പ്രിയങ്ക ഗാന്ധി. ബി. ജെ. പി മധ്യപ്രദേശില്‍ ഭരണം നടത്തിയ 18 വര്‍ഷത്തിനിടയില്‍ മുപ്പതിനായിരത്തിലധികം ആദിവാസികള്‍ക്കെതിരെയാണ് അതിക്രമങ്ങള്‍ നടന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. 

ബി. ജെ. പി ഭരണത്തില്‍ ആദിവാസികളോടുള്ള താത്പര്യങ്ങള്‍ പൊള്ളയായ വാക്കുകളിലും അവകാശവാദങ്ങളിലും ഒതുങ്ങുകയാണെന്നു പറഞ്ഞ പ്രിയങ്ക സംസ്ഥാനത്ത് 18 വര്‍ഷത്തനിടയില്‍ 30,400 അതിക്രമങ്ങളാണ് ആദിവാസികള്‍ക്കെതിരെയുണ്ടായതെന്നും വിശദമാക്കി. ബി. ജെ. പി എം. എല്‍. എയുടെ അടുത്ത സുഹൃത്താണ് ആദിവാസി യുവാവിന്റെ ദേഹത്തേക്ക് മൂത്രമൊഴിച്ചത്. 

ആദിവാസികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ യഥാര്‍ഥ നടപടികള്‍ സ്വീകരിക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു. 

ആദിവാസികളോടും ദലിതരോടുമുള്ള ബി. ജെ. പിയുടെ അറപ്പുളവാക്കുന്ന മുഖമാണിതിലൂടെ വ്യക്തമാകുന്നതെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു. ബി. ജെ. പി ഭരണത്തില്‍ ആദിവാസി സഹോദരീ സഹോദന്മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. മധ്യപ്രദേശിലെ ബി. ജെ. പി നേതാവിന്റെ പ്രവര്‍ത്തിയില്‍ മൊത്തം മനുഷ്യരാശിയും ലജ്ജിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. 

മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ഒരു ആദിവാസി യുവാവിന്റെ മുഖത്തും തലയിലുമായി ബി. ജെ. പി. എം. എല്‍. എ കേദാര്‍നാഥ് ശുക്ലയുടെ അടുത്ത സഹായി പ്രവേഷ് ശുക്ല മൂത്രം ഒഴിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യരക്ഷാ നിയമം, പട്ടികവര്‍ഗ്ഗ സംരക്ഷണ നിയമം എന്നിവ ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

Latest News