ഉംറ വിസ ഇഷ്യു ചെയ്തു തുടങ്ങി; ജൂലൈ 19 മുതല്‍ തീര്‍ഥാടകരെത്തും

റിയാദ്- ഓണ്‍ലൈന്‍ ഉംറ സര്‍വീസ് ഇഷ്യു ചെയ്ത് തുടങ്ങിയതായി സൗദി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് നുസുക് പ്ലാറ്റ്‌ഫോം ( https://www.nusuk.sa/ar/about) വഴി വിസക്ക് അപേക്ഷ നല്‍കാം.
മൂഹറം ഒന്ന് അഥവാ ജൂലൈ 19 മുതല്‍ സൗദിയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്ക, മദീന എന്നിവിടങ്ങളിലേക്ക്  മുസ്‌ലിംകള്‍ക്ക് എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുകയും അവര്‍ക്ക് താമസം, ഗതാഗത സേവനങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് നുസുക് പ്ലാറ്റ്‌ഫോമിന്റെ സവിശേഷത.
ടൂറിസ്റ്റ് വിസയിലെത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സൗദിയിലേക്ക് വരുന്ന ഷെംഗന്‍, അമേരിക്ക, യു.കെ വിസയുള്ളവര്‍ക്കും സൗദിയില്‍ എത്തുന്നതിന് മുമ്പ് നുസുക് ആപ്ലിക്കേഷന്‍ വഴി ഉംറക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാവുന്നതാണ്. ഫാമിലി സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വിസ എന്നിവയില്‍ സൗദിയില്‍ എത്തിയവര്‍ക്കും നുസുക് വഴി ഉംറക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാം.
വിശിഷ്ട ആരോഗ്യ സേവനങ്ങളുടെ സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ടുതന്നെ തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക 63% കുറച്ചും 24 മണിക്കൂറിനുള്ളില്‍ ഉംറ വിസ നല്‍കിയും 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി വിസ കാലാവധി നീട്ടിയും ഉംറ തീര്‍ഥാടകര്‍ക്ക് സഹായകമായ പല സൗകര്യങ്ങളും കഴിഞ്ഞ വര്‍ഷം മന്ത്രാലയം നടപ്പാക്കിയിരുന്നു.
ഉംറ തീര്‍ഥാടകര്‍ക്ക് രാജ്യത്തിനകത്ത് സുഖമായി സഞ്ചരിക്കാനും അതുല്യമായ സാംസ്‌കാരിക വൈവിധ്യത്തെക്കുറിച്ച് പഠിക്കാനും അവരുടെ മതപരവും സാംസ്‌കാരികവുമായ അനുഭവം സമ്പന്നമാക്കാനും സൗകര്യമുണ്ട്. സ്ത്രീകള്‍ക്ക് മഹ്‌റമിന്റെ സാന്നിധ്യം ആവശ്യമില്ല.

 

Latest News