Sorry, you need to enable JavaScript to visit this website.

നിലമ്പൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപെട്ടു; ആത്മഹത്യാശ്രമമെന്നും സംശയം, മൂന്നുപേരെ രക്ഷപ്പെടുത്തി

(നിലമ്പൂർ) മലപ്പുറം -  മലപ്പുറം ജില്ലയിലെ നിലമ്പൂർ അമരമ്പലത്ത് കുതിരപ്പുഴയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ഒഴുക്കിൽപ്പെട്ടു. ഇതിൽ മൂന്നുപേർ രക്ഷപ്പെട്ടുവെന്നും രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് വിവരം. അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്നവരാണ് ഒഴുക്കിൽ പെട്ടത്. ഇവർ ക്ഷേത്രത്തിൽ ബലിയിടാൻ എത്തിയവരാണെന്ന് പറയുന്നു. അതിനിടെ, അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടത് ആത്മഹത്യാശ്രമമാണെന്നും നിഗമനമുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
 ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഒഴുക്കിൽപ്പെട്ടവരിൽ ആദ്യം രണ്ട് കുട്ടികൾ രക്ഷപ്പെട്ടിരുന്നു. ഇവർ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ മൂന്ന് കിലോമീറ്റർ അകലെ നിന്ന് ഒരു സ്ത്രീയെ കണ്ടെത്തി. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇവർക്കായിതിരച്ചിൽ പുരോഗമിക്കുകയാണെന്ന് നാട്ടുകാരും പോലീസും പറഞ്ഞു.
 സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു കുടുംബമെന്ന് നാട്ടുകാർ പറഞ്ഞു. ഇവരെ കാണാതായ സമയത്ത് പ്രദേശത്ത് വലിയ മഴയോ പുഴയിൽ വലിയ രീതിയിൽ ഒഴുക്കോ ഉണ്ടായിരുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അമരമ്പലത്ത് ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ഇത്രയും പുലർച്ചെ എത്തേണ്ടതില്ലെന്ന് ക്ഷേത്രഭാരവാഹികളും ചൂണ്ടിക്കാട്ടുന്നു. അതിനാൽ ആത്മഹത്യശ്രമമാണെന്ന സംശയത്തിലാണ് പോലീസും.

Latest News