Sorry, you need to enable JavaScript to visit this website.

ബേപ്പൂര്‍ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് 29 വര്‍ഷം

കോഴിക്കോട്- മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരന്‍ വിട പറഞ്ഞിട്ട് 29 വര്‍ഷം. 'വൈക്കം മുഹമ്മദ് ബഷീര്‍' എന്നത് മലയാളികളെ സംബന്ധിച്ച് വെറുമൊരു പേരല്ല. പാത്തുമ്മയുടെ ആടും ബാല്യകാല സഖിയും മതിലുകളും അനുരാഗത്തിന്റെ ദിനങ്ങളുമൊക്കെ ചേര്‍ന്ന വലിയൊരു വികാരമാണ്.
തന്റെ ശോകാനുഭവങ്ങളെയും വായനക്കാരില്‍ ചിരിപടര്‍ത്തുന്ന രീതിയില്‍ അവതരിപ്പിക്കുകയായിരുന്നു ബഷീറിയന്‍ രീതി. പാത്തുമ്മയുടെ ആട് തന്നെ ഉദാഹരണം. വായിക്കാന്‍ കൗതുകം തോന്നിപ്പിക്കുന്ന കുണ്ട്രപ്പി, ബുസ്സാട്ടോ, ഡ്രങ്ക് ഡിങ്കാഹോ, ഹുലീ ഹലീയോ, ഹുലാലോ തുടങ്ങിയ എത്രയെത്ര വാക്കുകളാണ് അദ്ദേഹം മലയാളത്തിന് സമാനിച്ചത്. അണ്ണാനും ആടും ഓന്തും ഉറുമ്പും പാമ്പും ചിത്രശലഭവുമടക്കം ഈ ഭൂമിയിലെ സകല ജീവജാലങ്ങളോടും കൂട്ടുകൂടിയ പ്രകൃതിസ്‌നേഹിയും, താന്‍ ഗാന്ധിജിയെ തൊട്ടെന്ന് അഭിമാനത്തോടെ വിളിച്ചുപറഞ്ഞ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു അദ്ദേഹം. പട്ടിണിക്കാരുടെയും പണക്കാരുടെയും പൊങ്ങച്ചക്കാരുടെയും പോക്കറ്റടിക്കാരുടെയുമടക്കം വ്യത്യസ്ത ജീവിതങ്ങളായിരുന്നു ഓരോ ബഷീര്‍ കഥകളും.
1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലായിരുന്നു ബഷീറിന്റെ ജനനം. 14 നോവലുകളും 13 ചെറുകഥകളും പതിനൊന്ന് വിവര്‍ത്തനങ്ങളുമാണ് ജനകീയ എഴുത്തുകാരന്റെ സാഹിത്യലോകത്തിനുള്ള സംഭാവന. സ്വന്തം കൃതികള്‍ സിനിമയായപ്പോള്‍ കഥയും തിരക്കഥയുമൊരുക്കി അഭിനയവും പയറ്റിനോക്കി.1982-ല്‍ അദ്ദേഹത്തെ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1970-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു. 1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ വെച്ചായിരുന്നു  അന്ത്യം.

Latest News