നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം, എയിംസിലെ വിദ്യാര്‍ഥികളടക്കം നാല് പേര്‍ പിടിയില്‍

ന്യൂദല്‍ഹി - നീറ്റ് യു.ജിയില്‍ ആള്‍മാറാട്ടം നടത്തിയ 4 പേര്‍ അറസ്റ്റിലായി. ദല്‍ഹി എയിംസിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ മേയ് 7 നു നടന്ന പരീക്ഷയില്‍ 7 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഇവര്‍ ആളുമാറി എഴുതിയതെന്ന് പോലീസ് അറിയിച്ചു.
ന്യൂഡല്‍ഹി എയിംസിലെ രണ്ടാം വര്‍ഷ ബിഎസ്സി റേഡിയോളജി വിദ്യാര്‍ഥി നരേഷ് ബിഷോരിയാണു സംഘത്തിന്റെ തലവന്‍. ഇയാളെ കൂടാതെ സഞ്ജു യാദവ്, മഹാവീര്‍, ജിതേന്ദ്ര എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
ഹരിയാനയില്‍ മറ്റൊരു വിദ്യാര്‍ഥിയുടെ പേരില്‍ പരീക്ഷയെഴുതാനെത്തിയ സഞ്ജുവാണ് ആദ്യം പിടിയിലായത്. സംഘത്തലവനായ നരേഷിനെ കഴിഞ്ഞ ദിവസം പിടികൂടിയ ശേഷമാണ് പോലീസ് വാര്‍ത്ത പുറത്തുവിട്ടത്.
കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ രാജ്യത്തിന്റെ പല ഭാഗത്തും ഈ സംഘത്തില്‍ പെട്ട എയിംസിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയിട്ടുണ്ടാവാമെന്നു സംശയിക്കുന്നു. പിടിയിലായവരില്‍ നിന്നു തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
സംഘത്തില്‍ എയിംസിലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന അന്വേഷണത്തിലാണു പോലീസ്.

 

Latest News