30 ലക്ഷത്തിന്റെ ഡയമണ്ട് മോതിരം ബ്യൂട്ടി പാര്‍ലറില്‍ മറന്നു,  പരാതിയായപ്പോള്‍ ജീവനക്കാരി ടോയ്‌ലറ്റില്‍ ഉപേക്ഷിച്ചു 

ഹൈദരാബാദ്- യുവതി മറന്നുവെച്ച 30.69 ലക്ഷം രൂപയുടെ ഡയമണ്ട് മോതിരം കൈയ്യില്‍ കിട്ടിയ ബ്യൂട്ടി ക്ലിനിക് ജീവനക്കാരി പോലീസിനെ ഭയന്ന് മോതിരം ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ചു. ഹൈദരാബാദിലെ ഒരു സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനിക്കിലെ ജീവനക്കാരിയാണ് ഉപഭോക്താവിന്റെ ഡയമണ്ട് മോതിരം മോഷ്ടിച്ചത്. എന്നാല്‍ പിന്നീട് പിടിക്കപ്പെടുമെന്ന ഭയത്താല്‍ ടോയ്‌ലറ്റില്‍ ഫ്‌ളഷ് ചെയ്യുകയായിരുന്നു.
വിവരം ലഭിച്ച പോലീസ് പ്ലംബറുടെ സഹായത്തോടെ ടോയ്‌ലറ്റ് പൈപ്പ് ലൈനില്‍ നിന്നും മോതിരം കണ്ടെത്തുകയും യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് ജൂബിലി ഹില്‍സിലെ ആഡംബര ക്ലിനികിലാണ് സംഭവം. ഇവിടെ മുടി മുറിയ്ക്കുന്നതിനായി എത്തിയ സ്ത്രീ മോതിരം മറന്നുവെയ്ക്കുകയായിരുന്നു. മുടി മുറിയ്ക്കുന്നതിന് മുന്‍പായി ആഭരണങ്ങള്‍ ഊരി മാറ്റണമെന്ന് തെറ്റിദ്ധരിപ്പിച്ച് ജീവനക്കാരിയായ യുവതി ഇവരുടെ മോതിരം ഊരി സൂക്ഷിക്കാന്‍ ഒരു പെട്ടി നല്‍കുകയായിരുന്നു. ഇത് പ്രകാരം ഉപഭോക്താവായ സ്ത്രീ മോതിരം ഊരി പെട്ടിയില്‍ ഇട്ടു.പിന്നീട് ഇക്കാര്യം മറന്ന് വീട്ടിലേക്ക് പോയി. എന്നാല്‍ വീട്ടിലെത്തിയ ശേഷമാണ് താന്‍ മോതിരം ക്ലിനിക്കില്‍ വെച്ച കാര്യം പരാതിക്കാരിക്ക് ഓര്‍മ് വന്നത്. ഉടന്‍ തന്നെ ക്ലിനിക്കിലെ ജീവനക്കാരെ ബന്ധപ്പെട്ടെങ്കിലും അവര്‍ക്ക് ഒന്നുമറിയില്ലെന്ന് പറഞ്ഞു.
ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ക്ലിനിക്കിലെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. മോതിരം മോഷ്ടിച്ചതായി ഒരു ജീവനക്കാരി സമ്മതിക്കുകയായിരുന്നു.ഒടുവില്‍ മോതിരം കണ്ടെത്തിയ പോലീസ് ജീവനക്കാരിയെ അറസ്റ്റ് ചെയ്തശേഷം മോതിരം ഉടമയ്ക്ക് തിരികെ നല്‍കി.

Latest News