Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം മഅ്ദനിയെ സന്ദര്‍ശിച്ചു; ഡയാലിസിസ് വേണം

കൊച്ചി- പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. മഅ്ദനിക്ക് ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടെന്നും ക്രിയാറ്റിന്റെ അളവ് കൂടുതലാണെന്നും ഡയാലിസിസ് നടത്തേണ്ട സാഹചര്യമാണെന്നും സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം കണ്ടെത്തി.
മഅ്ദനി ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. ഇക്കാര്യം സര്‍ക്കാരിന് റിപ്പോര്‍ട്ടായി നല്‍കുമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.
ബംഗളൂരുവില്‍ നിന്ന് പിതാവിനെ സന്ദര്‍ശിക്കാന്‍ നാട്ടിലേക്ക് മടങ്ങിയ മഅ്ദനിക്ക് ആരോഗ്യ സ്ഥിതി മോശമായതിനാല്‍ സ്വദേശമായ അന്‍വാര്‍ശ്ശേരിയിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കഴിഞ്ഞ മാസം 26ന് രാത്രിയാണ് കൊച്ചിയില്‍ വെച്ച് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും, രക്തത്തില്‍ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. ആലുവയില്‍ നിന്ന് യാത്ര പുറപ്പെട്ട ശേഷം തുടര്‍ച്ചയായി ഛര്‍ദ്ദിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ സൂഫിയ, മകന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി എന്നിവരടക്കമുള്ള കുടുംബാംഗങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും മഅ്ദനിക്കൊപ്പം ആശുപത്രിയിലുണ്ട്.

 

Latest News