കേരളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടു പറക്കാം

തിരുവനന്തപുരം- കേരളത്തില്‍ നിന്നും വിയറ്റ്‌നാമിലേക്ക്  നേരിട്ട് വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യയിലെ വിയറ്റ്‌നാം സ്ഥാനപതി ന്യൂയെന്‍ തന്‍ ഹായ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

വിയറ്റ്‌നാമിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് ഇരുപ്രദേശങ്ങള്‍ക്കും വിവിധ മേഖലകളില്‍  ഗുണകരമാകുമെന്നും ന്യൂയെന്‍ തന്‍ ഹായ് പറഞ്ഞു. 

കൊച്ചിയില്‍നിന്നു വിയറ്റ്‌നാം നഗരമായ ഹോ ചിമിനിലേക്കാണ് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഇതിലൂടെ കേരളത്തിന്റെ വിയറ്റ്‌നാമുമായുള്ള ബന്ധം ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ദക്ഷിണ വിയറ്റ്‌നാമിലെ ചില പ്രവിശ്യകളുമായി കേരളം ഇതിനോടകം ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

Latest News