ജിസാന്‍ - മയക്കുമരുന്ന് ശേഖരവുമായി ജിസാന്‍ പ്രവിശ്യയില്‍ പെട്ട അല്‍ദായിറില്‍ വെച്ച് രണ്ടു സൗദി യുവാക്കളെ സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ ഓടിച്ച വാഹനത്തിനകത്ത് ഒളിപ്പിച്ച നിലയില്‍ 1,52,800 ലഹരി ഗുളികകളും 91 കിലോ ഖാത്തും കണ്ടെത്തി. തുടര്‍ നടപടികള്‍ക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി സെക്യൂരിറ്റി റെജിമെന്റ് പട്രോള്‍ വിഭാഗം അറിയിച്ചു.
മറ്റൊരു സംഭവത്തില്‍, നാലര കിലോ ഹഷീഷും ലഹരി ഗുളികളുമായി നൈജീരിയക്കാരനെ ജിദ്ദയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഫഌറ്റ് കേന്ദ്രീകരിച്ചാണ് നൈജീരിയക്കാരന്‍ മയക്കുമരുന്ന് വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രതിയുടെ പക്കല്‍ വന്‍തുകയും കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പിന്നീട് ജിദ്ദ പോലീസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ ഹഷീഷും ലഹരി ഗുളികകളും വിതരണം ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ടു സൗദി യുവാക്കളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നിയമ നടപടികള്‍ക്ക് പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.