Sorry, you need to enable JavaScript to visit this website.

ഇറാന്‍ ബോട്ടുകള്‍ ജലാതിര്‍ത്തി ലംഘിക്കുന്നു; സൗദി അറേബ്യ പ്രതിഷേധം അറിയിച്ചു

റിയാദ് - ഇറാന്‍ ബോട്ടുകള്‍ സൗദിയുടെ ജലാതിര്‍ത്തി ആവര്‍ത്തിച്ച് ലംഘിക്കുന്നതില്‍ സൗദി അറേബ്യ ഐക്യരാഷ്ട്ര സഭയെ രേഖാമൂലം പ്രതിഷേധം അറിയിച്ചു. 1968 ഒക്‌ടോബര്‍ 24 ന് സൗദി അറേബ്യയും ഇറാനും ഒപ്പുവെച്ച കരാറിന്റെ ഭാഗമായി നിര്‍ണയിച്ച സമുദ്രാതിര്‍ത്തി പ്രകാരം അറേബ്യന്‍ ഉള്‍ക്കടലില്‍ സൗദി ജലാതിര്‍ത്തിയില്‍ പെട്ട എണ്ണപ്പാടങ്ങളും പെട്രോള്‍ പമ്പിംഗ് പ്ലാറ്റ്‌ഫോമുകളും പ്രവര്‍ത്തിക്കുന്ന നിരോധിത മേഖലയിലാണ് ഇറാന്‍ ബോട്ടുകള്‍ ആവര്‍ത്തിച്ച് പ്രവേശിക്കുന്നത്. ജലാതിര്‍ത്തി ലംഘനം ഇറാന്‍ അവസാനിപ്പിക്കണം.
ജലാതിര്‍ത്തി ലംഘനത്തില്‍ ഇറാനെയും യു.എന്‍ സെക്രട്ടറി ജനറലിനെയും പലതവണ രേഖാമൂലം പ്രതിഷേധം അറിയിച്ചിട്ടും സൗദി ജലാതിര്‍ത്തിയിലും എണ്ണപ്പാടങ്ങള്‍ക്കു സമീപത്തെ നിരോധിത പ്രദേശങ്ങളിലും ഇറാന്‍ ബോട്ടുകള്‍ അതിക്രമിച്ചുകയറുന്നത് വര്‍ധിച്ചിരിക്കുകയാണെന്ന് യു.എന്നിലെ സൗദി സ്ഥിരം പ്രതിനിധി അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലിമി പറഞ്ഞു. 2016 നവംബര്‍ 17, ജൂണ്‍ 16, 2017 ഒക്‌ടോബര്‍ 27, 2017 ഡിസംബര്‍ 21 തീയതികളില്‍ ഇറാന്‍ ബോട്ടുകള്‍ സൗദി ജലാതിര്‍ത്തിയില്‍ എണ്ണപ്പാടങ്ങള്‍ക്കു സമീപത്തെ നിരോധിത പ്രദേശങ്ങളില്‍ അതിക്രമിച്ചു പ്രവേശിച്ചു. ഇത്തരം അതിക്രമങ്ങളും നിയമ ലംഘനങ്ങളും മൂലം ഉടലെടുക്കുന്ന ഏതു പ്രശ്‌നത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഇറാനായിരിക്കും. സൗദി അറേബ്യ നല്‍കിയ പ്രതിഷേധക്കുറിപ്പ് യു.എന്‍ രേഖയെന്നോണം മുഴുവന്‍ അംഗ രാജ്യങ്ങള്‍ക്കും വിതരണം ചെയ്യണമെന്നും സമുദ്ര നിയമ മാസികയുടെ അടുത്ത പതിപ്പില്‍ പ്രസിദ്ധീകരിക്കണമെന്നും ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറലിനോട് അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലിമി ആവശ്യപ്പെട്ടു.

Latest News