കുഞ്ഞുങ്ങൾ ആത്മഹത്യയെ പുണരുന്ന ആസുര കാലം

സംരക്ഷണമല്ല, അവകാശമാണ് കുട്ടികൾക്ക് വേണ്ടതെന്ന് ഇനിയെങ്കിലും നാം അംഗീകരിക്കണം. കുട്ടികൾ കുടുംബത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ സ്വത്താണ് എന്ന സങ്കൽപത്തിലായിരിക്കണം ഈ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത്. എങ്കിൽ കുടുംബ കലഹം കൊണ്ടും സാമ്പത്തിക ബാധ്യത കൊണ്ടും മറ്റും കുഞ്ഞുങ്ങളെയടക്കം കൊന്ന് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ ലോകം അതിന് മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. 

 

സമീപകാലത്ത് നിരന്തരമായി മാധ്യമങ്ങളിൽ ആവർത്തിക്കുന്നതും എന്നാൽ ഒരു വായനക്കും നെടുവീർപ്പിനുമപ്പുറം നാമാരും വലിയ പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുന്ന ഒന്നാണ് കൗമാര പ്രായക്കാരുടെ ആത്മഹത്യ വാർത്തകൾ. കഴിഞ്ഞ 10 ദിവസത്തിൽ തൃശൂരിൽ മാത്രം ഇത്തരം മൂന്നു ആത്മഹത്യകൾ നടന്നു. മറ്റു ജില്ലകളിലും സ്ഥിതി വ്യത്യസ്തമല്ല.  
'കുട്ടികൾ നമ്മുടെ രാജ്യത്തിന്റെ സമ്പത്താണ്. രാഷ്ട്രത്തിന്റെ പുരോഗതിയും വികസനവും നിർണയിക്കുന്ന അടിസ്ഥാന ഘടകങ്ങളിലൊന്നാണ് കുട്ടികൾ. കുട്ടികളുടെ സമഗ്ര വികസനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടത് രാഷ്ട്രത്തിന്റെ പ്രാഥമിക കർത്തവ്യമാണ്'  എന്നൊക്കെ അവകാശപ്പെടുന്ന നാട്ടിലാണ് ഇത്തരം സംഭവങ്ങൾ നിരന്തരമായി ആവർത്തിക്കുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ വലിയൊരു വിഭാഗം പെൺകുട്ടികളുമാണ്. കൗമാര കാലത്താണ് ആത്മഹത്യകൾ മിക്കവാറും നടക്കുന്നതെങ്കിലും ബാല്യം മുതലേ നേരിടുന്ന സംഘർഷങ്ങളാണ് മിക്കവാറും അതിനു കാരണമാകുന്നത്. 

ഒരു വശത്ത് സംരക്ഷണവും മറുവശത്ത് അന്തസ്സും ഉറപ്പു വരുത്തിക്കൊണ്ട് വിവേചനമില്ലാത്ത സന്തോഷകരമായ ഒരു ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണെന്നാണ് ആധുനികകാല സങ്കൽപം. അവരെ നാളത്തെ പൗരന്മാരായല്ല, ഇന്നത്തെ പൗരന്മാരായി തന്നെ അംഗീകരിക്കണം. അതിജീവനത്തിനും സംരക്ഷണത്തിനും പൂർണ വികാസത്തിനുമുള്ള അവകാശം. മാനസികവും ശാരീരികവുമായ പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും പരിചരണത്തിനുമുള്ള അവകാശം, പങ്കാളിത്തത്തിനുള്ള അവകാശം, ബാലവേലയിൽ ആപൽക്കരമായ ജോലികളിൽ നിന്നുമുള്ള സംരക്ഷണം, 18 വയസ്സ് തികയാത്ത പെൺകുട്ടികൾക്കും 21 വയസ്സ് തികയാത്ത ആൺകുട്ടികൾക്കും ശൈശവ വിവാഹത്തിനെതിരെയുള്ള സംരക്ഷണം, സ്വന്തം സംസ്‌കാരം അറിയുന്നതിനും അതിനനുസരിച്ച് ജീവിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം, അവഗണനക്കെതിരെയുള്ള സംരക്ഷണം, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം, കളിക്കാനും പഠിക്കാനുമുള്ള അവകാശം, മതസ്വാതന്ത്ര്യം, സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം, സന്തുഷ്ട്ടമായതും സംരക്ഷണം നൽകുന്നതുമായ കുടുംബാന്തരീക്ഷത്തിൽ ജീവിക്കുവാനുമുള്ള അവകാശം, നിയമലംഘനം കുട്ടികളാൽ സംഭവിച്ചുപോയാൽ പോലീസ് സ്റ്റേഷനുകളിലും ജയിലുകളിലും പാർപ്പിക്കപ്പെടാതിരിക്കാനും ജുവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ പ്രത്യേക വിചാരണക്കും പേരുവിവരങ്ങൾ വെളിപ്പെടുത്താതിരിക്കാനുമുള്ള അവകാശം, കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഭയരഹിതമായി പോലീസിനെയും അധികാരികളെയും അറിയിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങിയവയൊക്കെ നിലനിൽക്കുന്ന നാടാണ് നമ്മുടേത്. ഐക്യരാഷ്ട്ര സഭയുടെ ബാലാവകാശ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് നമ്മുടെ ബാലാവകാശങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്  അവ നടപ്പാക്കുന്നു എന്നുറപ്പു വരുത്താൻ ബാലാവകാശ കമ്മീഷനും നിലവിലുണ്ട്. 

മറ്റനവധി പ്രശ്‌നങ്ങളെ പോലെ നിയമങ്ങളോ അവകാശങ്ങളോ ഇല്ലാത്തതല്ല ഇവിടെയും പ്രശ്‌നം. അവ നടപ്പാക്കപ്പെടുന്നുണ്ടോ എന്നതാണ്. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സ്വയം പരാതി നൽകാനും നിയമപോരാട്ടം നടത്താനും കഴിയുന്നവരല്ലല്ലോ കുട്ടികൾ. അവർക്ക് മാതാപിതാക്കളുടെയോ അധ്യാപകരുടെയോ നിയമപാലകരുടെയോ സഹായം വേണ്ടിവരും. എന്നാൽ പലപ്പോഴും അറിഞ്ഞും അറിയാതെയും അവർ തന്നെയാണ് ബാലാവകാശങ്ങളുടെ ലംഘകരായി മാറുന്നത് എന്നു കാണാം. പോക്‌സോ കേസുകൾ മാത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. കുട്ടികൾ ലൈംഗികമായി ഏറെ പീഡിപ്പിക്കപ്പെടുന്നത് ബന്ധുക്കളാലും അടുപ്പമുള്ളവരാലുമാണ് എന്നതാണ് യാഥാർത്ഥ്യം. പഴയ അവസ്ഥയിൽ നിന്നു കുറെയൊക്കെ ഭേദമാണെങ്കിലും ഇപ്പോഴും കുടുംബത്തിന്റെ അന്തസ്സിന്റെയും കുട്ടികളുടെ ഭാവിയുടെയും പേരുപറഞ്ഞ് മൂടിവെക്കുന്നവരാണ് കൂടുതലും. പ്രലോഭിപ്പിക്കപ്പെട്ടും ബലം പ്രയോഗിക്കപ്പെട്ടും പ്രണയാഭ്യർത്ഥനകളിൽ വീണും  മറ്റു പല കാരണങ്ങളാലും പീഡനത്തിനു വിധേയരാകുന്ന കുട്ടികൾ അനുഭവിക്കുന്ന മാനസിക സംഘർഷം അതിഭീകരമാണ്. വളരെ കുറച്ചുപേരേ അത് പുറത്തു പറയുന്നുള്ളൂ. മറ്റുള്ളവരെല്ലാം കടന്നുപോകുന്നത് രൂക്ഷമായ സംഘർഷങ്ങളിലൂടെയാണ്. ആത്മഹത്യയിലെത്തുന്നവരിൽ വലിയൊരു വിഭാഗവും ഇത്തരം കുട്ടികളാണ്. പക്ഷേ മിക്കവാറും സംഭവങ്ങളിൽ പീഡകർ നിയമത്തിന്റെ മുന്നിൽ എത്തുന്നില്ല എന്നതാണ് വസ്തുത. എത്തിയാൽ തന്നെ കേസുകൾ അനന്തമായി നീളുകയും മിക്കവാറും സന്ദർഭങ്ങളിൽ ഒത്തുതീർപ്പാകുകയും ചെയ്യുന്നു. ഫലത്തിൽ ലംഘിക്കപ്പെടുന്നത് ബാലാവകാശങ്ങൾ തന്നെ. 

കുട്ടികളെ നിരാശയിലും മാനസിക സംഘർഷങ്ങളിലും ആത്മഹത്യയിലുമെത്തിക്കുന്ന മറ്റൊരു പ്രധാന ഘടകം വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതു തന്നെ. പലപ്പോഴും ശിശുപീഡനമായി കണക്കാക്കാത്ത ഒന്നാണ് അവർക്ക് നാം നൽകുന്ന പഠന ഭാരം. കേരളത്തിലാകട്ടെ, അതേറെ രൂക്ഷമാണ്. എങ്ങനെയെങ്കിലും പരമാവധി ഗ്രേഡ്. അതു മാത്രമാണ് ഏവരുടെയും ഉദ്ദേശ്യം. കുട്ടികളുടെ എണ്ണം ഒന്നും രണ്ടുമായി കുറഞ്ഞതോടെ മാതാപിതാക്കളുടെയും അധ്യാപകരുടെയും അഹങ്കാരത്തിന്റെയും അന്തസ്സിന്റെയും ഇരകളായി അവർ മാറുന്നു. കളിക്കാനുള്ള പ്രാഥമികാവകാശം പോലും നാമവർക്ക് നിഷേധിക്കുന്നു. സ്‌കൂളുകൾ പലതും വലിയ കെട്ടിടങ്ങളുണ്ടാക്കി സ്മാർട്ടാകുന്നത് കളിസ്ഥലങ്ങൾ ഇല്ലാതാക്കിയാണ്. എൻട്രൻസ് കോച്ചിംഗ് സെന്ററുകൾ തടവറകളാകുന്നു. അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും താൽപര്യങ്ങളിൽനിന്ന് വ്യത്യസ്തമായി വിദ്യാർത്ഥികളുടെ താൽപര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പാക്കേണ്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുമ്പോഴും അതൊന്നും നമ്മുടെ പരിഗണനയിലില്ല. ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മിക്കപ്പോഴും അവരെ ചതിക്കുഴികളിലെത്തിക്കുന്നത്. മാനസികമായ പക്വത നേടാനുള്ള അവസരങ്ങൾ ലഭിക്കാത്ത അവർ സോഷ്യൽ മീഡിയയുടെ ചതിക്കുഴികളിലും മയക്കുമരുന്നിന്റെ മാസ്മരിക ലോകത്തും എത്താനുള്ള സാധ്യതയും വളരെ ഏറെയാണ്. ഒട്ടും തന്നെ ജനാധിപത്യവൽക്കരിക്കപ്പെടാത്ത കുടുബങ്ങളാണ് മിക്കവാറും നിലനിൽക്കുന്നത് എന്നതിനാൽ വരധിച്ചുവരുന്ന കുടുംബങ്ങൾക്കകത്തെ പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും മറ്റും ഏറ്റവും ബാധിക്കുന്നതും കുട്ടികളെ തന്നെ. 

സംരക്ഷണമല്ല, അവകാശമാണ് കുട്ടികൾക്ക് വേണ്ടതെന്ന് ഇനിയെങ്കിലും നാം അംഗീകരിക്കണം. കുട്ടികൾ കുടുംബത്തിന്റെ മാത്രമല്ല, സമൂഹത്തിന്റെ സ്വത്താണ് എന്ന സങ്കൽപത്തിലായിരിക്കണം ഈ പൊളിച്ചെഴുത്ത് ആരംഭിക്കേണ്ടത്. എങ്കിൽ കുടുംബ കലഹം കൊണ്ടും സാമ്പത്തിക ബാധ്യത കൊണ്ടും മറ്റും കുഞ്ഞുങ്ങളെയടക്കം കൊന്ന് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കുട്ടികളുടെ ലോകം അതിന് മുമ്പുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. കുട്ടികൾക്ക് ബാല്യം നിഷേധിക്കുന്നത് 1970 കളിലും 80 കളിലും 90 കളിലുമൊക്കെ തങ്ങളുടെ ബാല്യവും കൗമാരവുമൊക്കെ ആഘോഷിച്ചു തിമർത്ത രക്ഷിതാക്കളും അധ്യാപകരും എന്നതാണ് ഏറ്റവും ഖേദകരം. എന്തു വിഷയത്തിനും കൗൺസലിംഗ് നടത്തേണ്ട അവസ്ഥയിലായിരിക്കുന്നു കാര്യങ്ങൾ. തീർച്ചയായും കൗൺസലിംഗും മറ്റും ആവശ്യം വരാം.  എന്നാൽ അമിതമായി സൈക്കോളജിസ്റ്റുകളെയും കൗൺസലർമാരെയും ആശ്രയിക്കുന്ന രീതി ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. അത്തരമവസ്ഥയിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ മാറ്റാനുള്ള ശ്രമമാണ് ആദ്യം വേണ്ടത്. അതു കാണുന്നില്ല.  മറുവശത്ത് ഒറ്റ മുറികളിലും മറ്റും ജീവിക്കുന്ന, കൊടുംദാരിദ്ര്യമനുഭവിക്കുന്ന കുട്ടികളുടെ അവസ്ഥ അതിസങ്കീർണമാണ്. അവരുടെ പ്രശ്നം മാനസികം മാത്രമല്ല, ഭൗതികവുമാണ് എന്നതും തിരിച്ചറിഞ്ഞുള്ള നടപടികളും അനിവാര്യം.

Latest News