ജിദ്ദ - മക്കക്കു സമീപം അദമില്‍ കഴിഞ്ഞ ദിവസമുണ്ടായ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് പന്ത്രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ഇവരെ അല്‍ജായിസ പോലീസ് സ്റ്റേഷന് കൈമാറി. അദമിലെ അല്‍ജുവൈനി ഗ്രാമത്തിലാണ് വിദേശികള്‍ കൂട്ടത്തല്ലുണ്ടാക്കിയത്. സംഭവത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗ്രാമത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ ഒരാള്‍ വീടിന്റെ മതിലില്‍ കയറി സ്ത്രീകളെ ഒളിഞ്ഞുനോക്കിയതാണ് തര്‍ക്കത്തിന് കാരണം. ഇതേ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. മുട്ടന്‍ വടികള്‍ ഉപയോഗിച്ചാണ് ആളുകള്‍ ചേരിതിരിഞ്ഞ് ആക്രമിച്ചത്. വിവരം അറിഞ്ഞ് സുരക്ഷാ വകുപ്പുകള്‍ എത്തി സംഘര്‍ഷത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുകയും റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കൂട്ടത്തല്ലിന് ആധാരമായ സംഭവം ദിവസങ്ങള്‍ക്കു മുമ്പാണുണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ജിദ്ദയില്‍ നിന്ന് എത്തിയ സ്വന്തം നാട്ടുകാരന്‍ മതിലില്‍ കയറി സ്ത്രീകളെ ഒളിഞ്ഞുനോക്കുകയും ശല്യപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് ഏതാനും പേര്‍ ചേര്‍ന്ന് ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തന്നെ മര്‍ദിച്ചവരോട് പ്രതികാരം ചെയ്യുന്നതിന് ജിദ്ദയില്‍ നിന്ന് അഞ്ചു കൂട്ടുകാരുമായി യുവാവ് എത്തുകയും തുടര്‍ന്ന് ഇരു വിഭാഗവും കൂട്ടത്തല്ലില്‍ ഏര്‍പ്പെടുകയുമായിരുന്നു.






