ന്യൂദല്‍ഹി- കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷന്‍ റെഡ്ഡിയെ തെലങ്കാന ബി. ജെ. പി അധ്യക്ഷനായി നിയമിച്ചു. കേന്ദ്രമന്ത്രിസഭയിലെ അഴിച്ചുപണിയുടെ ഭാഗമായാണ് ടൂറിസം മന്ത്രിയെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് മാറ്റിയത്. സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പും ഇതിന്റെ ലക്ഷ്യമാണ്.
നാല് സംസ്ഥാന അധ്യക്ഷന്‍മാരെയാണ് ബി. ജെ. പി മാറ്റിയത്. ബണ്ഡി സഞ്ജയെയായിരുന്നു തെലങ്കാന സംസ്ഥാന അധ്യക്ഷന്‍. തെലങ്കാനയില്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന എട്ടാല രാജേന്ദ്രറെ തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാനാക്കി.
ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി. പുരന്ദേശ്വരിയെയും ജാര്‍ഖണ്ഡില്‍ ബാബുലാല്‍ മറാണ്ടിയേയും പഞ്ചാബില്‍ സുനില്‍ ഝാക്കറെയും പുതിയ അധ്യക്ഷന്മാരായി നിയമിച്ചു.
തിങ്കളാഴ്ച നടന്ന കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണ്ണ യോഗത്തില്‍ സഹമന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാവരും പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി എല്ലാ മന്ത്രാലയങ്ങളും ജനങ്ങളിലേക്ക് കൂടുതല്‍ എത്താനുള്ള നിര്‍ദ്ദേശം പ്രധാനമന്ത്രി നല്കി. അഞ്ചു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രധാന പദ്ധതികളുടെ അവലോകനവും നടന്നു.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ പത്തു മന്ത്രിമാരുടെയെങ്കിലും വകുപ്പുകളില്‍ മാറ്റം വന്നേക്കും. ധര്‍മ്മേന്ദ്ര പ്രധാന്‍ ഉള്‍പ്പടെ ചില മന്ത്രിമാര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങും. രാജീവ് ചന്ദ്രശേഖറിന് ക്യാബിനറ്റ് റാങ്ക് നല്‍കുമെന്നും നടന്‍ സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നുമുള്ള ഊഹാപോഹങ്ങളുമുണ്ട്.

	
	




