കലാ-സാംസ്‌കാരിക സൃഷ്ടികള്‍ സര്‍ക്കാരിന്റെ പരസ്യ പലക ആകരുത്, ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കണം

കൊച്ചി- സര്‍ക്കാര്‍ സഹായം നല്‍കി നിര്‍മ്മിക്കുന്ന സിനിമകളിലും പാഠപുസ്തകങ്ങളിലും സര്‍ക്കാര്‍ പരസ്യം പതിക്കുന്നതില്‍ വിയോജിപ്പുമായി സംവിധായകന്‍ ഡോ. ബിജു. ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം. ചലച്ചിത്ര മേളകളില്‍ തുടങ്ങി ഇപ്പോള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരെ എത്തിനില്‍ക്കുന്ന പ്രവണതയിലെ ഔചിത്യമില്ലായ്മ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.

കുറിപ്പ് വായിക്കാം:
'ലോകമെമ്പാടും അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ പരസ്യങ്ങളില്‍   വിശ്വ പ്രശസ്ത സംവിധായകരുടെ ഫോട്ടോകള്‍ ആണ് ഉള്‍പ്പെടുത്തുക. ഭരണാധികാരികളുടെ ഫോട്ടോ അല്ല. ഇന്ത്യയുടെ ദേശീയ ചലച്ചിത്ര മേളയായ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍പോലും ഭരണാധികാരികളുടെ ഫോട്ടോ വെച്ച പോസ്റ്ററുകള്‍ ഇതേവരെ കണ്ടതായി ഓര്‍മയില്ല. പക്ഷെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ 2017 ല്‍ ആദ്യമായി മേളയുടെ പരസ്യ ബോര്‍ഡുകളിലും പോസ്റ്ററുകളിലും ലോക സംവിധായകര്‍ക്കും സിനിമകള്‍ക്കും പകരം ഭരണാധികാരികളുടെ മുഖങ്ങള്‍ ഇടം പിടിച്ചു ..(അതിലെ  അനൗചിത്യം ചൂണ്ടിക്കാട്ടി ആ സമയത്തു തന്നെ പ്രതികരിച്ചിരുന്നതാണ് ). തുടര്‍ന്നങ്ങോട്ട് കേരള ചലച്ചിത്ര മേളയുടെ ഹോര്‍ഡിങ്ങുകളും പോസ്റ്ററുകളും ഒക്കെ ലോക സംവിധായകര്‍ക്ക് പകരം ഭരണാധികാരികള്‍ മുഖം കാട്ടി ചിരിച്ചു. ലോകത്തെ വിവിധ ചലച്ചിത്രകാരന്മാര്‍ക്ക് സംവദിക്കാനായുള്ള ഓപ്പണ്‍ ഫോറത്തിന്റെ സ്റ്റേജുകളില്‍ പോലും ഭരണാധികാരികളുടെ മുഖം വെച്ച ബാക്ക് ഡ്രോപ്പുകള്‍ കണ്ടു ..ഐ എഫ് എഫ് കെ മാത്രമല്ല , കേരള ഡോക്യുമെന്ററി മേളയുടെ പോസ്റ്ററുകളിലും ഭരണാധികാരികള്‍ കയറി ഇരുന്നു തുടങ്ങി.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഒട്ടേറെ സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് സര്‍ക്കാര്‍ ഫണ്ടിങ്ങോടെ ആണ്. പോളണ്ടും , തുര്‍ക്കിയും, ഫ്രാന്‍സും , റഷ്യയും , ചൈനയും , വിയറ്റ്‌നാമും ഒക്കെ ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങള്‍ ..പക്ഷേ അവിടെയൊന്നും സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മിക്കുന്ന സിനിമകളുടെ പോസ്റ്ററുകളില്‍ ഭരണാധികാരികളുടെ ഫോട്ടോ അച്ചടിച്ച് വെക്കാറില്ല . ഇന്ത്യയില്‍  നാഷണല്‍  ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഒട്ടേറെ സിനിമകള്‍ നിര്‍മിക്കുന്നുണ്ട് . ഈ വര്‍ഷം പോലും നിര്‍മിച്ച ഒരു സിനിമ ആണ് ഷാങ്ഹായ് ചലച്ചിത്ര മേളയില്‍  മത്സര വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് . സര്‍ക്കാര്‍ തുക മുടക്കി എന്ന് കരുതി NFDC നിര്‍മിച്ച ഏതെങ്കിലും സിനിമകളുടെ പോസ്റ്ററുകളില്‍ ഭരണാധികാരികള്‍ ചിരിച്ചു കൊണ്ടിരിക്കുന്ന പടം ഇതേവരെ കണ്ടിട്ടില്ല .പക്ഷെ കേരളത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിച്ച സിനിമയുടെ പോസ്റ്ററില്‍ നടീ നടന്മാരുടെ ചിത്രങ്ങള്‍ക്കൊപ്പം ഭരണാധികാരികളുടെ മുഖം കൂടി നമ്മള്‍ കണ്ടു ...ഇതിന്റെ ഒക്കെ തുടര്‍ച്ച ആയാണ് ഇപ്പോള്‍ പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നത്. ഇതൊക്കെ അനുചിതമായ പ്രവൃത്തികള്‍ ആണെന്ന് ആരെങ്കിലും ഒക്കെ പറയേണ്ടതുണ്ട്. ഉള്‍ക്കാഴ്ചയുള്ള സര്‍ക്കാരുകളും ഭരണാധികാരികളും ചെയ്യേണ്ടത് സാഹിത്യത്തെയും സിനിമയെയും ഒക്കെ കലാമൂല്യമുള്ള സാംസ്‌കാരിക ഉല്പന്നമായി സമൂഹത്തില്‍ നിലനിര്‍ത്താന്‍ ആവശ്യമായ അന്തരീക്ഷവും സഹായവും നല്‍കുക എന്നതാണ്. സര്‍ക്കാര്‍ സഹായം നല്‍കി നിര്‍മിക്കപ്പെടുന്ന കലാ സാംസ്‌കാരിക സൃഷ്ടികള്‍ സര്‍ക്കാരിന്റെ പരസ്യ പലക ആയി ഉപയോഗിക്കുന്നത് അനുചിതം ആണ് . അതിലെ അനൗചിത്യം ഭരണകര്‍ത്താക്കള്‍ സ്വയം തിരിച്ചറിയേണ്ടതാണ് . അതുണ്ടാകുന്നില്ലെങ്കില്‍ അതാരെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതാണ് ...'

 

Latest News