Sorry, you need to enable JavaScript to visit this website.

മറുനാടന്‍ മലയാളി തിരുവനന്തപുരം ഓഫീസിലെ  മുഴുവന്‍ കംപ്യൂട്ടറും പോലീസ് പിടിച്ചെടുത്തു

തിരുവനന്തപുരം- മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു. 29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയില്‍ എടുത്തത് സ്ഥാപനത്തില്‍ പ്രവേശിക്കരുത് എന്നും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം രാത്രി 12 മണിയോടെ ആണ് നടപടി. മുഴുവന്‍ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയില്‍ എടുത്തു. ഷാജന്‍ സ്‌കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ്. തിരുവനന്തപുരത്ത് മറുനാടന്‍ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളില്‍ ഇന്നലെ രാവിലെ പോലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടന്‍ മലയാളി റിപ്പോര്‍ട്ടറെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എന്നാല്‍ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി.
പിവി ശ്രീനിജന്‍ എം എല്‍ എയ്ക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയക്കെതിരെ അടക്കം എസ് സി എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതില്‍ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു.
രാഷ്ടീയ പ്രേരിതമായ കേസാണെന്നും പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയില്‍ ഹര്‍ജിക്കാരന്റെ പ്രധാന വാദം. എന്നാല്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി അരുണ്‍ ഹര്‍ജി തളളിയത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.

Latest News