കുടുംബങ്ങള്‍ ഉപേക്ഷിക്കുന്ന ഗര്‍ഭിണികളായ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ കേന്ദ്ര പദ്ധതി

ന്യൂദല്‍ഹി- ബലാത്സംഗത്തില്‍ ഗര്‍ഭം ധരിച്ചാല്‍ കുടുംബം ഉപേക്ഷിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന പദ്ധതിയുമായി കേന്ദ്രം.  പാര്‍പ്പിടം, ഭക്ഷണം, നിയമസഹായം എന്നിവ നല്‍കുന്ന പദ്ധതിയാണ്  കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്.
നിര്‍ഭയ പദ്ധതിയുടെ കീഴില്‍ ആരംഭിച്ച പുതിയ പദ്ധതിയില്‍ പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക പിന്തുണയും ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകളുമായും ശിശു സംരക്ഷണ സ്ഥാപനങ്ങളുമായും സഹകരിച്ച് മിഷന്‍ വാത്സല്യയുടെ ഘടനയെയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നതെന്നും  അവര്‍ പറഞ്ഞു.
കുട്ടികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടി 2021ല്‍ ആരംഭിച്ച പദ്ധതിയാണ് മിഷന്‍ വാത്സല്യ.
ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ (സിസിഐ) തലത്തില്‍ 18 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും ആഫ്റ്റര്‍ കെയര്‍ ഫെസിലിറ്റികളില്‍ 23 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കും പുതിയ പദ്ധതിക്ക് കീഴിലുള്ള  അധിക പിന്തുണ ലഭ്യമാകുമെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
നിയമ സഹായത്തോടൊപ്പം, പെണ്‍കുട്ടികള്‍ക്ക് കോടതിയില്‍ ഹാജരാകാന്‍ സുരക്ഷിതമായ യാത്രാ സൗകര്യവും ഒരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രായപൂര്‍ത്തിയാകാത്ത ബലാത്സംഗ ഇരകള്‍ക്ക് നീതി ലഭ്യമാക്കാനാണ് രാജ്യത്ത് 415 പോക്‌സോ അതിവേഗ കോടതികള്‍ സ്ഥാപിച്ചതിലൂടെ  കേന്ദ്രം ശ്രമിച്ചിരിക്കുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു.

 

Latest News