Sorry, you need to enable JavaScript to visit this website.

കെ.എം.സി.സി മിന മിഷൻ വിജയകരം; മൂവായിരത്തോളം വളണ്ടിയർമാർ

റിയാദ് - ചരിത്രദൗത്യം നിറവേറ്റി സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ മൂവായിരത്തോളം വളണ്ടിയർമാർ മിനായിൽ നിന്ന് വിട പറഞ്ഞു. അഞ്ഞൂറിലധികം വളണ്ടിയർമാർ ഇനി അവസാന ഹാജിയും മക്കയിൽ നിന്ന് വിടവാങ്ങുന്നത് വരെ കർമ രംഗത്തുണ്ടാകുമെന്ന് സൗദി കെ.എം.സി.സി ഹജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് പറഞ്ഞു.
സൗദി ഹജ് സെല്ലിന്റെ കീഴിലാണ് മിന മിഷൻ ചരിത്ര ദൗത്യം നിറവേറ്റിയത്. ഹാജിമാർക്ക് മനസ്സ് നിറഞ്ഞ സേവനങ്ങൾ നൽകി മിന മിഷൻ വിജയകരമായി പൂർത്തിയാക്കിയതായി കെ.എം.സി.സി നാഷണൽ കമ്മിറ്റി വാർത്താ കുറിപ്പിൽ  അറിയിച്ചു. മക്കയിലേക്ക് മടങ്ങിയ ഹാജിമാർക്കുള്ള സേവനങ്ങളുമായി മക്ക കെ.എം.സി.സിയുടെ വളണ്ടിയർമാർ ഇനി അവസാന ഹാജിയും മക്കയിൽ നിന്ന് വിടവാങ്ങുന്നത് വരെ കർമ രംഗത്തുണ്ടാകും. അതോടൊപ്പം മദീനയിലെത്തുന്ന ഹാജിമാർക്ക് സേവനങ്ങളുമായി മദീന കെ.എം.സി.സിയുടെ അഞ്ഞൂറോളം പ്രവർത്തകരും  രംഗത്തുണ്ട്. 
ജിദ്ദ വഴി മടങ്ങുന്ന ഹാജിമാർക്ക് ഹജ് ടെർമിനലിൽ ജിദ്ദ കെ.എം.സി.സിയുടെ വളണ്ടിയർ ടീമും അണിനിരക്കും. കാരുണ്യവീഥിയിൽ കർമോത്സുകതയുടെ പര്യായമായ കെ.എം.സി.സിയുടെ ശാസ്ത്രീയമായ പ്രവർത്തനങ്ങൾ വിശുദ്ധ ഭൂമിയിലെത്തുന്ന തീർഥാടക ലക്ഷങ്ങൾക്ക് വിലമതിക്കാനാകാത്ത സേവനമായി. പതിനായിരക്കണക്കിന് തീർഥാടകർ വളണ്ടിയർ ടീമിന്റെ പ്രവർത്തനങ്ങളെ അവർണനീയമാണെന്ന് വിലയിരുത്തി. സൗദി ഉദ്യോഗസ്ഥരും   ഇന്ത്യൻ അംബാസഡറും ഇന്ത്യൻ ഹജ് മിഷനും കെ.എം.സി.സിയുടെ സന്നദ്ധ പ്രവർത്തനങ്ങളെ പ്രശംസിച്ചു.
ജിദ്ദ, മക്ക, മദീന ഉൾപ്പെടെ വിവിധ സെൻട്രൽ കമ്മിറ്റികൾ വഴി മികച്ച പരിശീലനം ലഭിച്ച സന്നദ്ധ സംഘം ദുൽഹജ് എട്ട് മുതൽ 13 വരെ മിന, അറഫ, മുസ്ദലിഫ, ഹറം പരിസരം, മശാഇർ റെയിൽവേ എന്നിവിടങ്ങളിൽ രാപകലില്ലാതെ കർമ രംഗത്തുണ്ടായിരുന്നു. വഴി തെറ്റിയവർക്ക് വഴികാട്ടിയായും ഒറ്റപ്പെട്ടു പോയവർക്ക് അത്താണിയായും രോഗബാധിതർക്ക് ആശ്രയമായും വിശന്നവർക്ക് കഞ്ഞിയും വെള്ളവുമായി നിൽക്കുന്നവരായും കെ.എം.സി.സി പ്രവർത്തകരെത്തി. 
വിമാനത്താവളത്തിൽ കെ.എം.സി.സി എയർപോർട്ട് മിഷൻ ഏറെ ശ്ലാഘനീയമായ സേവനമാണ് കാഴ്ച വെച്ചത്. ഇത്തവണ ജിദ്ദയിലെ ഹജ് ടെർമിനലിൽ ഇന്ത്യൻ ഹാജിമാരുടെ ആദ്യ വിമാനം എത്തിയതു മുതൽ കെ.എം.സി.സി പ്രവർത്തകർ സേവനത്തിന് അണിനിരന്നു. ഹജ് ടെർമിനലിൽ നിയോഗിക്കപ്പെട്ട വളണ്ടിയർമാരുടെ നിർദേശങ്ങൾ അനുസരിച്ച് മക്കയിലെ കെ.എം.സി.സി നേതാക്കൾ പ്രവർത്തനം ഏകോപിപ്പിക്കുന്ന കാഴ്ച കണ്ട് അധികൃതർ നേരിട്ടെത്തി അഭിനന്ദിച്ചിരുന്നു.
ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാങ്കേതികമായും മാനസികമായും കൃത്യമായ പരിശീലനം ലഭിച്ച വളണ്ടിയർമാർ കുറ്റമറ്റ രീതിയിലാണ് പ്രവർത്തിച്ചത്. ഹജിന്റെ കർമങ്ങളും വളണ്ടിയർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അസുഖ ബാധിതരെ പരിചരിക്കേണ്ട രീതികളും ശാസ്ത്രീയമായ ഭക്ഷ്യ വിതരണവും ഇവരെ പരിശീലിപ്പിച്ചിരുന്നു. ഇത്തവണ കേരളത്തിൽ നിന്ന്  മഹറമില്ലാതെ ഹജിനെത്തിയ മൂവായിരത്തോളം വനിതാ ഹാജിമാരുടെ ആശ്രയമായിരുന്നു കെ.എം.സി.സിയുടെ പുരുഷ, വനിതാ വളണ്ടിയർമാർ.  കർമങ്ങൾക്ക് വഴികാട്ടികളായി സമാധാനത്തോടെയും സന്തോഷത്തോടെയും പുണ്യകർമ്മം നിർവഹിക്കാൻ സ്ത്രീകൾക്ക് കരുത്ത് പകർന്നത് വനിതാ പ്രവർത്തകരായിരുന്നു. കർമങ്ങൾ നിർവഹിക്കുന്നതിനിടയിൽ വഴിതെറ്റിയവർക്കും രോഗങ്ങൾ മൂലം ഏറെ പ്രയാസം നേരിട്ടവർക്കും അവർ തുണയായി. മുഴു സമയമെന്നോണം ഇവരുടെ ടെന്റുകളിൽ മക്കയിലെയും ജിദ്ദയിലെയും വനിതാ കെ.എം.സി.സി വളണ്ടിയർമാരുണ്ടായിരുന്നു. കഞ്ഞിയും പാനീയങ്ങളും പഴങ്ങളും നൽകി പാദരക്ഷകളും കുടകളും വീൽച്ചെയറുകളും തുടങ്ങി ആവശ്യപ്പെടുന്നതെല്ലാം നിമിഷനേരം കൊണ്ട്  നൽകി ആരാധനകളിൽ മുഴുകാൻ ഹാജിമാർക്ക് കരുത്തും കരുതലുമായി നിലകൊണ്ടു. സോഷ്യൽ മീഡിയയുടെ സഹായത്തോടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ശാസ്ത്രീയമായ സംവിധാനം ഏർപ്പെടുത്തിയിരുന്നു. 
സൗദി കെ.എം.സി.സി ഹജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട്, ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ, ചീഫ് കോ-ഓർഡിനേറ്റർ അബൂബക്കർ അരിമ്പ്ര, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ജിദ്ദ കെ.എം.സി.സി ഹജ് സെൽ  വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

Latest News