ലണ്ടന്‍- യുകെയിലെ ആശുപത്രിയില്‍ ഇന്ത്യന്‍ വംശജയും വയോധികയുമായ രോഗിയെ കൊല ചെയ്ത കേസില്‍ കുറ്റം സമ്മതിച്ച 56 കാരിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ.
ബ്രെന്‍ഡ എന്നറിയപ്പെടുന്ന ഫിലോമിന വില്‍സനെയാണ് ശിക്ഷിച്ചത്. 2021 ജനുവരിയില്‍ ബര്‍മിംഗ്ഹാമിലെ സിറ്റി ഹോസ്പിറ്റലില്‍ ഇരുവരും രോഗികളായിരുന്നു. 83 കാരി വിദ്യാ കൗറിന് നേരെ പ്രകോപനമില്ലാതെ ആക്രമണം നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
വയോധികയുടെ തലയോട്ടിക്ക് പൊട്ടലുണ്ടായെന്നും ഏതാനും ആഴ്ചകള്‍ക്ക് ശേഷം പരിക്കേറ്റ് മരിച്ചതായും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പറഞ്ഞു. ഫിലോമിന വില്‍സണെ ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചു. ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയുടെ അവസാനം നിരീക്ഷണത്തിന് കീഴില്‍ അഞ്ച് വര്‍ഷം കൂടി ചെലവഴിക്കണമെന്ന് പോലീസ് അറിയിച്ചു.
അക്രമം നടത്തിയ മറ്റൊരു സംഭവത്തില്‍ അറസ്റ്റിലായതിനെ തുടര്‍ന്നാണ് ഫിലോമിന വില്‍സണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രായമായ രോഗിയെ ആവര്‍ത്തിച്ച് അടിക്കുകയും തല തറയില്‍ ഇടിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ ഏപ്രിലിലാണ് ഫിലോമിന വില്‍സണ്‍ നരഹത്യയ്ക്ക് കുറ്റസമ്മതം നടത്തിയത്.
നീതിക്കായി കുടുംബത്തിന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നെങ്കിലും ഒടുവില്‍ നീതി ലഭിച്ചതായി വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് ടീമില്‍ നിന്നുള്ള ഡിറ്റക്റ്റീവ് ഇന്‍സ്‌പെക്ടര്‍ മിഷേല്‍ തുര്‍ഗൂഡ് പറഞ്ഞു.
വിദ്യാ കൗറിനെ രക്ഷിക്കാനെത്തിയ നഴ്‌സുമാര്‍ക്കും മറ്റൊരു രോഗിക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നുവെന്നും പോലീസ് പറഞ്ഞു.