ചെന്നൈയില്‍ നാളെ മുതല്‍ തക്കാളി റേഷന്‍ ഷോപ്പ് വഴി, കിലോ 60 രൂപ

ചെന്നൈ- തക്കാളി വില കുതിച്ചുകയറിയ പശ്ചാത്തലത്തില്‍ നാളെ മുതല്‍ ചെന്നൈയിലെ ന്യായവില കടകള്‍ വഴി കിലോയ്ക്ക് 60 രൂപയ്ക്ക് വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
ഇന്ന് ചേര്‍ന്ന അവലോകനയോഗത്തിനുശേഷം സഹകരണമന്ത്രി കെ.ആര്‍. പെരിയകറുപ്പനാണ് ഇക്കാര്യം അറിയിച്ചത്. ചെന്നൈയിലെ 82 ന്യായവില കടകളില്‍ ആദ്യഘട്ടത്തില്‍ തക്കാളി വില്‍ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതില്‍ 32 ന്യായവില കടകള്‍ വടക്കന്‍ ചെന്നൈയിലാണ്. ആവശ്യാനുസരണം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചെന്നൈ, കോയമ്പത്തൂര്‍, സേലം, ഈറോഡ്, വെല്ലൂര്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പന്നൈ പശുമൈ (ഫാം ഫ്രഷ്) ഔട്ട്‌ലെറ്റുകള്‍ കിലോഗ്രാമിന് 60 രൂപ നിരക്കില്‍ തക്കാളി വില്‍പ്പന ആരംഭിച്ചു.
അതിനിടെ, കഴിഞ്ഞ കുറേ ദിവസങ്ങളായി കൂടിയ വിലയില്‍നിന്ന് തിങ്കളാഴ്ച ചെന്നൈയില്‍ തക്കാളിയുടെ മൊത്തവില കിലോയ്ക്ക് 90 രൂപയായി കുറഞ്ഞു. എന്നിരുന്നാലും ചില്ലറവില്‍പ്പന വില പലയിടത്തും കിലോയ്ക്ക് 120 രൂപയായി തുടര്‍ന്നു.
കോയമ്പേട് മൊത്തവ്യാപാര മാര്‍ക്കറ്റ് സമുച്ചയത്തിലേക്ക് തിങ്കളാഴ്ച അഞ്ച് ലോഡ് തക്കാളി കൂടി ലഭിച്ചു. കര്‍ണാടകയിലെ ശ്രീനിവാസപുര, കോലാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് അധിക ലോഡ് എത്തിച്ചതെന്ന് മൊത്തവ്യാപാരികള്‍ പറഞ്ഞു.
നേരത്തെ വിളവെടുത്തതിന് നല്ല വില ലഭിക്കാത്തതിനാല്‍ 50 ശതമാനംകര്‍ഷകര്‍ മാത്രമാണ് തക്കാളി കൃഷി ചെയ്തതെന്ന് വ്യാപാരികള്‍ പറഞ്ഞു. അമിത ചൂടും അടുത്തിടെ പെയ്ത മഴയുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് ചെന്നൈയിലേക്ക് വിതരണത്തിന്റെ തക്കാളി ലഭിക്കുന്നത്. മറ്റ് പ്രദേശങ്ങളിലെ കുറവ് നികത്താന്‍ വിതരണം വഴിതിരിച്ചുവിട്ടത് വിലയില്‍ ഇത്രയും കുത്തനെയുള്ള വര്‍ദ്ധനവിന് കാരണമായി.

 

Latest News