പെണ്‍ സുഹൃത്തിനെ ഒഴിവാക്കാന്‍ മയക്കു മരുന്ന് കേസില്‍ പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

ഇടുക്കി - പെണ്‍ സുഹൃത്തിനെ മയക്കുമരുന്ന് കേസില്‍ പെടുത്തി ഒഴിവാക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.  ഉപ്പുതറ കണ്ണംപടി സ്വദേശി ജയനെയാണ് കട്ടപ്പന എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പെണ്‍ സുഹൃത്ത് മേരികുളം സ്വദേശി മഞ്ജുവിന്റെ പേഴ്‌സില്‍ മയക്കു മരുന്ന് ഒളിപ്പിച്ചാണ് കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്. ജയനും മഞ്ജുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇന്നലെ കട്ടപ്പനയിലെ  ലോഡ്ജില്‍ ഇവര്‍ മുറിയെടുത്ത് താമസിച്ചിരുന്നു. ഇന്ന് രാവിലെ മഞ്ജുവിന്റെ പേഴ്‌സില്‍ എം ഡി എം എ മയക്കു മരുന്ന് വെച്ചതിനുശേഷം ജയന്‍ പോകുകയും പിന്നീട് എക്‌സൈസിന് വിവരം നല്‍കുകയുമായിരുന്നു. എക്‌സൈസ് നടത്തിയ പരിശോധനയില്‍ മഞ്ജുവിന്റെ പേഴ്‌സില്‍ നിന്നും 300 മില്ലിഗ്രാം എം ഡി എം എ കണ്ടെത്തി. എന്നല്‍ ഇതേക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മഞ്ജു ചോദ്യം ചെയ്യലില്‍ പറഞ്ഞു.  തുടര്‍ന്ന് എക്‌സൈസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ജയന്‍ കുടുക്കാന്‍ ശ്രമിച്ചതാണെന്ന് കണ്ടെത്തിയത്. മഞ്ജുവിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചതെന്ന് ജയന്‍ മൊഴി നല്‍കി.

 

Latest News