മുപ്പത്തിമൂന്നാം വയസ്സിൽ ഇന്ത്യയിലെ വളർന്നുകൊണ്ടിരിക്കുന്ന പ്രധാന ഇലക്ട്രിക് സ്‌കൂട്ടർ കമ്പനിയുടെ അമരക്കാരനായി മാറുക -തരുൺ മെഹ്തയെ ഇന്ന് ഇന്ത്യൻ വ്യവസായ ലോകം അത്ഭുതത്തോടെ നോക്കുന്നത് ഇങ്ങനെയായിരിക്കും എന്നാൽ ഏകദേശം 21 വർഷങ്ങൾക്ക് മുൻപ് ഇലക്ട്രിക് ബാറ്ററിയിലൂടെ ഇരുചക്ര ഇ- വെഹിക്കിൾ എന്ന ആശയവുമായി ഇന്ത്യയൊട്ടാകെ പലരുടെയും വാതിൽ ഒരു വർഷം മുട്ടിയിട്ടും തുറക്കാതെ തങ്ങളുടെ ഐഡിയ മാറ്റിവെച്ച് ഇദ്ദേഹവും സുഹൃത്ത് സ്വപ്നിലും വീണ്ടും ഒരു കമ്പനിയിൽ വീണ്ടും ജോലിക്കാരനായി ഒതുങ്ങിക്കൂടിയ മറ്റൊരു പിന്നാമ്പുറ കഥ കൂടിയുണ്ട്.
എൻജിനീയറിംഗ് ബിരുദത്തിനു ശേഷം എന്തെങ്കിലും വെ ബ്രന്റ് ആയ പുതുകാര്യം ചെയ്യണമെന്നതിൽ നിന്നാണ് ഇത്തരമൊരു കാര്യത്തിലേക്ക് എത്തുന്നത്. പക്ഷേ തുടക്കത്തിൽ തന്നെയുണ്ടായ തിരിച്ചടി ആദ്യം ഒന്നു തളർത്തിയെങ്കിലും 2013 ൽ ബംഗളൂരു കേന്ദ്രീകരിച്ച് ഏതർ എന്ന തങ്ങളുടെ സ്വപ്ന കമ്പനിയുടെ സാക്ഷാത്കാരത്തിൽ തന്നെയാണ് അതവസാനിച്ചത്. ആഥർ എന്നാൽ ഗ്രീക്ക് ഭാഷയിൽ ശുദ്ധമായ എന്നാണർഥം.
അതെ പ്രകൃതി മലിനീകരണമില്ലാത്ത ശുദ്ധമായ ഒരു ഇരുചക്ര വാഹനമെന്ന സങ്കൽപം. ഇപ്പോൾ രണ്ടു പതിറ്റാണ്ട് പിന്നീടുമ്പോൾ ഈ രംഗത്തെ തഴക്കം വന്ന എന്റർപ്രണറായി മാറിയിരിക്കുകയാണ് തരുൺ മെഹ്ത.
ഏതറിന്റെ കോഴിക്കോട്ടെ പുതിയ ഷോറൂമായ പി.വി. അബ്ദുൽ വഹാബ് എം.പി ചെയർമാനായ ബ്രിഡ്ജ് വേ മോട്ടോഴ്‌സിന്റെ ഉദ്ഘാടനത്തിനായി കോഴിക്കോട്ടെത്തിയ മെഹ്ത വിപണിയെക്കുറിച്ചും തങ്ങളുടെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചുമെല്ലാം മലയാളം ന്യൂസിനോട് സംസാരിക്കുകയായിരുന്നു.
കേരള വിപണിയെ ഏതർ എങ്ങനെയാണ് കാണുന്നത്?
കർണാടക കഴിഞ്ഞാൽ ഞങ്ങളുടെ രണ്ടാമത്തെ വലിയ മാർക്കറ്റാണ് കേരളം. ഇവിടത്തെ ജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ഏറെ ബോധവന്മാരാണ് എന്നതാണ് ഞങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ അഡ്വാന്റേജ്.
എങ്ങനെയാണ് ഏതർ ഇത്തരമൊരു നിഗമനത്തിലെത്തിയത്?
ഓരോ പതിനഞ്ച് കിലോമീറ്ററിനുള്ളിലും ഓരോ ചാർജിംഗ് പോയന്റുകളുള്ള സംസ്ഥാനമാണിത്. ഇതു തന്നെ ഇവിടത്തെ ജനങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപര്യമാണ് കാണിക്കുന്നത്.
കേരളത്തിലെ പതിമൂന്നാമത്തെ ഷോറൂമാണ് ബ്രിഡ്ജ്വേയുടേത് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടത്.
വിപണിയിലെ ഏതറിന്റെ മുന്നേറ്റമെങ്ങനെയാണ്?
ഇന്ത്യയിലൊട്ടാകെ 135 ഷോറൂമുകളാണ് ഏതറിനുള്ളത്. കഴിഞ്ഞ മാർച്ച് വരെ വിൽപനയിൽ ഒന്നാം സ്ഥാനത്ത് ഏതറായിരുന്നു. രണ്ടു മാസമേ ആയിട്ടുള്ളൂ ഇതിനൊരു മാറ്റം വന്നിട്ട്. 1200 യൂനിറ്റുകളാണ് എല്ലാ മാസവും വിപണിയിലെത്തുന്നത്.
ഇലക്ട്രോണിക് വാഹനമായതിനാൽ മഴക്കാലം വാഹനത്തിന് കേടുപാടുകൾ ഉണ്ടാക്കുമെന്ന ആശങ്ക പൊതുവെ ഉപഭോക്താക്കൾക്കുണ്ടല്ലോ?
അത് ഒരു തെറ്റിദ്ധാരണയാണ്. പെട്രോൾ വാഹനങ്ങളേക്കാൾ മഴയിൽ ഉപയോഗിക്കുവാനും അതുകൊണ്ടുള്ള കേടുപാടുകൾ കുറഞ്ഞതുമായ വാഹനമാണ് ഇലക്ട്രിക് സ്‌കൂട്ടുകൾ. പെട്രോൾ വാഹനങ്ങൾക്ക് 15 - 20 സെന്റിമീറ്റർ വരെയേ വെള്ളത്തിൽ മുങ്ങുവാൻ പറ്റുകയുള്ളൂവെങ്കിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ പകുതിയിലധികം വെള്ളത്തിൽ കിടന്നാലും പ്രശ്‌നമില്ല. രണ്ടു വർഷത്തെ മൺസൂൺ കാലത്തിൽ നിന്നും ഞങ്ങൾക്ക് കിട്ടിയ പ്രതികരണവും ഇത് ശരിവെക്കുന്നതാണ്.
അടുത്തിടെ ധാരാളം ഇലക്ട്രിക് സ്‌കൂട്ടറുകൾ പൊട്ടിത്തെറിക്കുന്ന വാർത്ത പലയിടത്തു നിന്നും വരുന്നുണ്ടല്ലോ?
അത് ശരിയാണ് പക്ഷേ, അത് നിലവാരമില്ലാത്ത ചൈനീസ് ബാറ്ററികൾ കൊണ്ട് നിർമിക്കുമ്പോൾ സംഭവിക്കുന്നതാണ്. മറിച്ച് ഗുണനിലവാരമുള്ള ബാറ്ററികൾ ഉപയോഗിച്ച് നിർമിക്കുന്നവക്ക് പൊതുവെ ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് കുറവാണ്. ഇപ്പോൾ ഏതറിനെ സംബന്ധിച്ചിടത്തോളം ബാറ്ററിയുടെ ഒരു പാർട്ട്‌സ് ഒഴികെയുള്ളവയെല്ലാം ഇന്ത്യയിൽ തന്നെ നിർമിച്ച് ഉപയോഗിച്ചാണ് ഏതറിന്റെ പ്രൊഡക്ഷൻ.