- ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ നാടിന് സമർപ്പിച്ചു
കോഴിക്കോട് - ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അതിനൂതന മെഡിക്കൽ ഡെസ്പാച് സംവിധാനത്തിന് കോഴിക്കോട്ട് തുടക്കമായി. ഡോക്ടഴ്‌സ് ദിനമായ ജൂലൈ ഒന്നിന് നടന്ന ചടങ്ങിൽ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ പദ്മശ്രീ ഡോ. ആസാദ് മൂപ്പനാണ് ഉദ്ഘാടനം നിർവഹിച്ചത്. ഫൈവ് ജി സാറ്റലൈറ്റ് സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മെഡിക്കൽ ഡെസ്പാച്ച് സംവിധാനം വടക്കൻ കേരളത്തിലെ ആരോഗ്യ മേഖലയിൽ വലിയ വിപ്ലവത്തിനാണ് വഴിയൊരുക്കുക. ആസ്റ്റർ മിംസ് ആശുപത്രി നോഡൽ ഏജൻസിയായി പ്രവർത്തിച്ചുകൊണ്ട് ഉത്തര കേരളത്തിലെ 50 ഓളം ആശുപത്രികളിൽ ഏത് അടിയന്തര സാഹചര്യത്തിലും ഏറ്റവും കുറഞ്ഞ സമയത്തിൽ മികച്ച ചികിത്സ നൽകാൻ കഴിയും.
അത്യാഹിത സാഹചര്യങ്ങളിൽ അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കുക (ഓൺസൈറ്റ് കെയർ), തൊട്ടടുത്തുള്ള മെഡിക്കൽ സംവിധാനങ്ങളിൽ നിന്നും ചികിത്സ ലഭ്യമാക്കുക (പ്രൈമറി കെയർ) അത്യാധുനിക സംവിധാനങ്ങൾ ലഭ്യമാകുന്ന ഹോസ്പിറ്റലിൽ സുരക്ഷിതമായി രോഗി എത്തുന്നത് വരെ വാഹനത്തിൽ ചികിത്സ നൽകുക / ഏകീകരിക്കുക (ട്രാൻസ്പോർട്ട് കെയർ), ഹോസ്പിറ്റലിൽ അടിയന്തരമായി ലഭിക്കേണ്ട ചികിത്സ (ഡെസ്റ്റിനേഷൻ കെയർ) എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി വൈദ്യസഹായത്തിന്റെ വിവിധ തലങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രവർത്തന രീതിയാണിത്.
കോഴിക്കോട്ടും സമീപ ജില്ലകളിലും ഏത് ആശുപത്രികളിലെയും അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരും ഈ ശൃംഖലയുടെ ഭാഗമാകുന്നതോടെ എല്ലാ രോഗികൾക്കും അടിയന്തര ജീവൻ രക്ഷാസഹായം നൽകാൻ സാധിക്കും. ആവശ്യമെങ്കിൽ മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലേക്ക് സുരക്ഷിതമായി എത്തുന്നത് വരെ രോഗി ആസ്റ്റർ മിംസിലെ മെഡിക്കൽ ഡെസ്പാച്ച് സിസ്റ്റത്തിന്റെയും അതിന്റെ ചുമതലയുള്ള ഡോക്ടറുടെയും മേൽനോട്ടത്തിൽ ആയിരിക്കും.
ആംബുലൻസിനകത്തുള്ള എല്ലാ ബയോമെഡിക്കൽ ഉപകരണങ്ങളും വൈഫൈ വഴി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതാണ്. ഇവ ഉടൻ തന്നെ വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് കൈമാറുകയും രോഗി ആശുപത്രിയിൽ എത്തുന്നത് വരെ വിദഗ്ധ ഡോക്ടർമാർ അവരെ നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ ആംബുലൻസിലുള്ള ജൂനിയർ ഡോക്ടർമാർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യും. സ്മാർട്ട് കണ്ണടകൾ ഉപയോഗിച്ച് തത്സമയം ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടുകയുമാവാം.
അടിയന്തര സഹായത്തിനുള്ള വാഹനത്തിന് അഭ്യർത്ഥിച്ച ശേഷം പ്രഥമശുശ്രൂഷ ആവശ്യമുള്ള രോഗിയെ ശുശ്രൂഷിക്കുന്ന ആൾ മെഡിക്കൽ മേഖലയുമായി ബന്ധമില്ലാത്ത ആൾ ആണെങ്കിൽ പോലും ഈ നമ്പറിൽ ബന്ധപ്പെടുന്നത് മുതൽ രോഗി സുരക്ഷിതനായി ഉയർന്ന സെന്ററിൽ എത്തുന്നത് വരെയുള്ള എല്ലാ മാർഗനിർദേശങ്ങളും നൽകുന്നതിന് ഈ സിസ്റ്റം സഹായിക്കും.