ബെയ്ജിംഗ്- ചൈന-പാക്കിസ്ഥാന് സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ കൂടുതല്‍ വായ്പ നല്‍കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ ചൈന നിഷേധിച്ചു. ശതകോടി ഡോളറിന്റെ നിക്ഷേപമുള്ള സി.പി.ഇ.സി തുടരണമെങ്കില്‍ കൂടുതല്‍ വായ്പ അനുവദിക്കണമെന്ന് പാക്കിസ്ഥാന് ആവശ്യപ്പെട്ടതായി ഫൈനാന്‍ഷ്യല്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം പക്കിസ്ഥാന് ചൈനയില്‍നിന്ന് 400 കോടി ഡോളര്‍ വായ്പ സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ പാക്കിസ്ഥാന് വില പേശുകയാണെന്ന റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിംഗ് പറഞ്ഞു. സി.പി.ഇ.സി നിര്‍മാണവുമായി മുന്നോട്ടു പോകുമെന്നാണ് യഥാര്‍ഥത്തില്‍ പാക്കിസ്ഥാനി ധനകാര്യ മന്ത്രി ശംസാദ് അഖ്തര്‍ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ സിന്‍ജിയാംഗ് മേഖലയെ പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന ഇടനാഴി പദ്ധതിക്കു വേണ്ടി ചൈന 5000 കോടി ഡോളറാണ് നിക്ഷേപിക്കുന്നത്. പാക്കധീന കശ്മീരിലൂടെയായതിനാല്‍ റോഡ് നിര്‍മാണ പദ്ധതിയെ ഇന്ത്യ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു.
വന്‍ മുതല്‍മുടക്കുള്ള പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പാക്കിസ്ഥാന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പാക്കിസ്ഥാന്റെ കടബാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് പാക്കിസ്ഥാന് വിദേശനാണ്യ ശേഖരത്തില്‍ കുറവുണ്ടെന്ന് തങ്ങള്‍ക്കു അറിയാമെന്നും എന്നാല്‍ സാമ്പത്തിക വികസനത്തിനായി അവര്‍ എല്ലാ ശ്രമവും നടത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിംഗ് മറുപടി നല്കി.
പാക്കിസ്ഥാന് സര്‍ക്കാരും ജനങ്ങളും പിന്തുണക്കുന്ന സി.പി.ഇ.സി ഉയര്‍ന്ന സാമ്പത്തിക വികസനം കൈവരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ ഇതിനു തടസ്സമാകില്ലെന്നും ഹുവ പറഞ്ഞു.






