ജീവന് ഭീഷണിയുണ്ടെന്ന് ഖുര്‍ആന്‍ കത്തിച്ച സല്‍വാന്‍ മോമിക

സ്‌റ്റോക്ക്‌ഹോം- തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വീഡിഷ് അധികൃതര്‍ തനിക്ക് സംരക്ഷണം നല്‍കണമെന്നും ബലിപെരുന്നാള്‍ ദിവസം സ്റ്റോക്ക്‌ഹോമിലെ സെന്‍ട്രല്‍ മസ്ജിദിനു മുന്നില്‍ വെച്ച് പരസ്യമായി വിശുദ്ധ ഖുര്‍ആന്‍ കോപ്പി പിച്ചിച്ചീന്തി കത്തിച്ച ഇറാഖി അഭയാര്‍ഥി സല്‍വാന്‍ മോമിക ലൈവ് വീഡിയോയില്‍ പറഞ്ഞു. തന്റെ ചെയ്തിയില്‍ രോഷാകുലരായ മുസ്‌ലിംകളില്‍ നിന്ന് തനിക്ക് സ്വീഡിഷ് ഗവണ്‍മെന്റ് സംരക്ഷണം നല്‍കണം. തന്റെ ഭീതി സ്വീഡിഷ് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും തന്റെ ഫോളോവേഴ്‌സിനോട് 37 കാരന്‍ അപേക്ഷിച്ചു.
മുസ്‌ലിംകളുടെ ഭീഷണിയില്‍ പേടിച്ചരണ്ട നിലയിലാണ് സല്‍വാന്‍ മോമിക ലൈവ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ താമസിക്കുന്ന പ്രദേശത്തിന്റെ വിവരങ്ങള്‍ നിരവധി മുസ്‌ലിംകളുടെ കൈകളില്‍ എത്തിയിട്ടുണ്ട്. തന്നെ ആക്രമിക്കുമെന്ന് പറഞ്ഞുള്ള നിരവധി ഭീഷണികളും ലഭിച്ചിട്ടുണ്ട്. തന്റെ ശബ്ദം സ്വീഡിഷ് പോലീസിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ ഫോളോവേഴ്‌സിനോട് സല്‍വാന്‍ മോമിക ആവശ്യപ്പെട്ടു. തന്റെ സംരക്ഷണത്തിന് പോലീസുകാരെ നിയോഗിക്കുന്നതു വരെ, സംരക്ഷണ ഉത്തരവാദിത്തം സ്വീഡനാണ് എന്ന് രേഖപ്പെടുത്തി തന്റെ ഫോട്ടോ പ്രചരിപ്പിക്കണമെന്ന് ഫോളോവേഴ്‌സിനോട് സല്‍വാന്‍ മോമിക പറഞ്ഞു.
തന്റെ ജീവന്‍ അപകടത്തിലാണ്. തനിക്ക് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ചയുണ്ടെന്നും സല്‍വാന്‍ അറബിയില്‍ പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് സ്വീഡനില്‍ അഭയം തേടിയ സല്‍വാന്‍ മോമികക്ക് സ്വീഡിഷ് ഭാഷ വശമില്ലാത്തതിനെ സംഭവ ദിവസം ആളുകള്‍ പരിഹസിച്ചിരുന്നു. സ്റ്റോക്ക്‌ഹോം മസ്ജിദിനു മുന്നില്‍ വിശുദ്ധ ഖുര്‍ആന്‍ കോപ്പി പിച്ചിച്ചീന്തി കത്തിക്കുന്നതിനു മുമ്പ് കൈയില്‍ മൈക്കേന്തി സല്‍വാന്‍ മോമിക അറബിയിലാണ് സംസാരിച്ചത്. ഇത് കേട്ടുനിന്നവരില്‍ ചിലരാണ് സ്വീഡിഷ് ഭാഷയില്‍ സംസാരിക്കാന്‍ യുവാവിനെ വെല്ലുവിളിച്ചത്.
അതിനിടെ, സ്വീഡനില്‍ കഴിയുന്ന ഇറാഖി യുവാവ് സ്റ്റോക്ക്‌ഹോമിലെ പ്രധാന മസ്ജിദിനു മുന്നില്‍ വെച്ച് മുസ്ഹഫ് കോപ്പി കത്തിച്ചതിനെ സ്വീഡിഷ് ഗവണ്‍മെന്റ് അപലപിച്ചു. ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനമാണ് യുവാവ് ചെയ്തതെന്ന് സ്വീഡിഷ് ഗവണ്‍മെന്റ് പറഞ്ഞു. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജിദ്ദയില്‍ ചേര്‍ന്ന ഒ.ഐ.സി അടിയന്തിര യോഗം അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് ഖുര്‍ആന്‍ കത്തിച്ചതിനെ അപലപിച്ച് സ്വീഡിഷ് ഗവണ്‍മെന്റ് രംഗത്തെത്തിയത്.
സ്വീഡനില്‍ പ്രകടനങ്ങള്‍ക്കിടെ ചില വ്യക്തികള്‍ ചെയ്യുന്ന ഇസ്‌ലാം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതായി സ്വീഡിഷ് ഗവണ്‍മെന്റ് പൂര്‍ണമായി മനസ്സിലാക്കുന്നു. ഇത്തരം ചെയ്തികളെ സ്വീഡന്‍ ശക്തമായി അപലപിക്കുന്നു. ഇത്തരം നടപടികള്‍ സ്വീഡിഷ് ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടുകളെ ഒരുതരത്തിലും പ്രതിഫലിപ്പിക്കുന്നില്ല. അതേസമയം, അഭിപ്രായ സ്വാതന്ത്ര്യം സ്വീഡനില്‍ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ട അവകാശമാണെന്നും സ്വീഡിഷ് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഖുര്‍ആന്‍ കത്തിക്കാന്‍ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് അപലപനീയമാണെന്നും വത്തിക്കാനിലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു. സംഭവത്തില്‍ തനിക്ക് ദേഷ്യവും വെറുപ്പും തോന്നുന്നതായും മാര്‍പ്പാപ്പ പറഞ്ഞു. ആളുകള്‍ തമ്മിലെ വ്യത്യാസങ്ങളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടത് പ്രധാനമാണ്. വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഏതൊരു ഗ്രന്ഥവും ആദരിക്കപ്പെടണം. അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും മറ്റുള്ളവരെ നിന്ദിക്കാനുള്ള ഒഴികഴിവായി ഉപയോഗിക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ മറ്റുള്ളവരെ നിന്ദിക്കുന്നത് അസ്വീകാര്യവും അപലപനീയവുമാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

 

 

Latest News