Sorry, you need to enable JavaScript to visit this website.

നിറം കൊടുക്കുന്ന ഏലക്കായ, വരവ് മങ്ങി

കൊച്ചി- ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ഏലക്ക വരവ് പെടുന്നനെ ചുരുങ്ങി, കൃത്രിമ നിറം ഏലത്തിന് നൽകുന്നവർ കേരളത്തിലും നിലയുറപ്പിച്ചതായ സംശയം ബലപ്പെടുന്നു. കാലപ്പഴക്കവും ഗുണനിലവാരവും കുറഞ്ഞ കുരുമുളക് വെയർ ഹൗസിൽ നിന്നും വിപണിയിൽ ഇറക്കാൻ നീക്കം. ഞാറ്റുവേലയ്ക്ക് ഇടയിൽ മഴ കനത്തത് റബർ ഉൽപാദന മേഖലയെ സ്തംഭിപ്പിച്ചു. സ്വർണ വില വീണ്ടും താഴ്ന്നു. 

കേരളത്തിലെ ഏലക്ക ലേല കേന്ദ്രങ്ങളിലേയ്ക്കുള്ള ചരക്കുവരവ് പെടുന്നനെ ചുരുങ്ങി. പിന്നിട്ട പല ആഴ്ചകളെ അപേക്ഷിച്ച് ലേലത്തിൽ വിൽപന ചുരുങ്ങിയതിന് പിന്നിൽ ഇറക്കുമതി ലോബിയുടെ പിൻമാറ്റമാണോയെന്ന സംശയം ബലപ്പെടുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച് ഏലക്കയിൽ കൃത്രിമ നിറം നൽകി വിൽപനയ്ക്ക് എത്തിച്ചിരുന്നവർക്ക് പിടിവീഴുമെന്ന സൂചനകളെ തുടർന്ന് താൽക്കാലികമായി അവർ കേരളത്തിൽ നിന്നും അകന്നതായാണ് സൂചന. 
വാരത്തിന്റെതുടക്കം ആദ്യ ലേലത്തിൽ അര ലക്ഷം കിലോയ്ക്ക് മുകളിൽ ചരക്ക് ഇറങ്ങിയെങ്കിൽ പിന്നീടുള്ള ദിവസങ്ങളിൽ വരവ് അതിന്റെപകുതിയായി ചുരുങ്ങി. ഗ്വാട്ടിമല ചരക്ക് എത്തിച്ച് വിൽപന നടത്തിയ ലോബിയുടെ പിൻമാറ്റത്തിനിടയിൽ മികച്ചയിനങ്ങൾ രണ്ടായിരും രൂപയ്ക്ക് മുകളിലും ശരാശരി ഇനങ്ങൾ ആയിരത്തി നാന്നൂറ് രൂപയ്ക്കും മുകളിൽ ലേലം നടന്നു. 
സംസ്ഥാന ഭക്ഷ്യ സുരക്ഷ വിഭാഗം ലേല കേന്ദ്രങ്ങളിൽ പരിശോധനകൾക്ക് തയാറായാൽ ഉൽപന്ന വില വീണ്ടും ഉയരുമെന്ന് തന്നെയാണ് കർഷകരുടെ പക്ഷം. പിന്നിട്ട വാരങ്ങളിൽ ഭക്ഷ്യസുരക്ഷ വിഭാഗം ഏലക്കയുടെ കാര്യത്തിൽ എത്ര പരിശോധനകൾ നടത്തിയെന്നും അതിൽ കൃത്രിമ നിറം നൽകിയ എത്ര ടൺ എലക്ക കണ്ടത്തിയോയെന്നത് സംബന്ധിച്ചും മൗനം പാലിക്കുകയാണ്. വിൽപനക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയിൽ കോടികളുടെ ഇടപാടുകൾ നടന്നതായാണ് കാർഷിക മേഖലയിൽ നിന്നുള്ള സൂചന. 


കുരുമുളകിന് ഗുണമേൻമയില്ലെന്ന കാരണത്താൽ രാജ്യത്തെ ഒരു പ്രമുഖ അവധി വ്യാപാര എക്‌സ്‌ചേഞ്ച് ഗോഡൗണിൽ പത്ത് വർഷമായി കെട്ടിക്കിടന്ന ചരക്ക് വില കുറച്ച് വിറ്റഴിക്കാൻ അണിയറ നീക്കം. അന്ന് വിയറ്റ്‌നാമിൽ നിന്നും ഇറക്കുമതി നടത്തി, നാടൻ ചരക്കെന്ന വാജ്യേന വെയർ ഹൗസ് വഴി അവധി വ്യാപാരത്തിലൂടെ ഡെലിവറി നൽകാൻ ഒരുക്കിയ മുളകാണ് തടഞ്ഞുവെച്ചത്. ഗുണമേൻമ തന്നെയായിരുന്നു അന്ന് ഉൽപന്ന ഡെലിവറിക്ക് തടസ്സമായത്. കാലപ്പഴക്കവും വേ വിധം സംരക്ഷിക്കാഞ്ഞത് കൊണ്ടും കൂടുതൽ മോശമായ ഈ ചരക്ക് രംഗത്ത് ഇറക്കുന്നതിന് പിന്നിൽ ഉത്തരേന്ത്യൻ ഇടപാടുകാരാണ്. 

മുഖ്യ വിപണികൾ ഒരു മാസമായി കുരുമുളക് ക്ഷാമത്തിന്റെപിടിയിലാണ്. ഈ അവസരത്തിൽ സ്‌റ്റോക്ക് ഇറക്കിയാൽ വിറ്റുപോകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. ക്വാളിറ്റിയുടെ പേരിൽ 2013 ൽ 6000 ടൺ കുരുമുളകാണ് തടഞ്ഞുവെച്ചത്, അതിൽ 900 ടൺ ഭക്ഷയോഗ്യമല്ലെന്ന കണ്ടെത്തലിൽ ഉടൻ നശിപ്പിക്കാൻ ഭക്ഷ്യസുരക്ഷ വിഭാഗം അന്ന് ഉത്തരവ് ഇറക്കിയിരുന്നു. 

ഉത്സവ സിസൺ അടുത്തതോടെ വ്യവസായികൾക്ക് കുരുമുളക് ആവശ്യമുണ്ട്. ബംബർ വിൽപന ലക്ഷ്യമാക്കി പൗഡർ യൂനിറ്റുകൾ ചരക്ക് സംഭരണത്തിന് ശ്രമിച്ചെങ്കിലും ഏരിവ് കൂടിയ നാടൻ മുളകിന് ക്ഷാമം. കർഷകർ ഓഫ് സീസണിലെ വിലക്കയറ്റം മുന്നിൽ കണ്ട് ചരക്ക് ഇറക്കുന്നില്ല. വില ഇടിക്കാനുള്ള തന്ത്രങ്ങൾ വിജയിക്കാതെ വന്നതോടെയാണ് വെയർഹൗസിലെ ചരക്ക് ഇറക്കി നിരക്ക് ഇടിച്ചാൽ ഉൽപാദകരെ വിൽപനക്കാരാക്കാനാവുമെന്ന് അവർ കണക്കുകൂട്ടിയത്. അടുത്ത മാസം മുതൽ ഉത്തരേന്ത്യയിൽ അന്തരീക്ഷ താപനില കുറയുന്നതിനാൽ പൗഡർ യൂനിറ്റുകൾ സംസ്‌കരണത്തിനാവശ്യമായ ചരക്ക് കൂടുതൽ സംഭരിക്കാനുള്ള നീക്കത്തിലാണ്. കൊച്ചിയിൽ അൺഗാർബിൾഡ് മുളക് 48,800 രൂപയിൽ സ്‌റ്റെഡിയാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 6350 ഡോളറായി ഉയർന്നു. 

കാലവർഷം ദുർബലമാണെങ്കിലും പിന്നിട്ട വാരം മഴ അൽപം ശക്തിപ്രാപിച്ചതോടെ റബർ ടാപ്പിങിൽ നിന്നും പിൻതിരിയാൻ കർഷകരും നിർബന്ധിതരായി. റെയിൻ ഗാർഡ് ഒരുക്കിയ തോട്ടങ്ങളിൽ പോലും മഴയും ശക്തമായ കാറ്റും ടാപ്പിങിന് തടസ്സമുളവാക്കി. പുലർച്ചെ ടാപ്പിങിന് ഇറങ്ങിയ പലരും പ്രതികൂല കാലാവസ്ഥ മൂലം തോട്ടങ്ങളിൽ നിന്നും പിൻതിരിഞ്ഞു. ഈ വിവരം ടയർ മേഖല അതേ വേഗത്തിൽ അറിഞ്ഞെങ്കിലും ഷീറ്റ് വില ഉയർത്താൻ വ്യവസായികൾ തയാറായില്ല. 

ഇതിനിടയിൽ ലാറ്റക്‌സിന് ഡിമാന്റ് ശക്തമായതോടെ വില കിലോ 115 ൽ നിന്നും 118 ലേയ്ക്ക് കയറി. ചെറുകിട വ്യവസായികൾ ഒട്ടുപാൽ വില 92 ൽ നിന്നും 97 ലേയ്ക്ക് ഉയർത്തി. നാലാം ഗ്രേഡ് 155 രൂപയിലാണ്. അഞ്ചാം ഗ്രേഡ് 146þ-151 രൂപയായി കയറി. 

ജാതിക്ക, ജാതിപത്രി വിലകളിൽ പിന്നിട്ട വാരം കാര്യമായ ഏറ്റക്കുറച്ചിൽ ദൃശ്യമായില്ല. വാങ്ങലുകാർ രംഗത്തുണ്ടങ്കിലും തിരക്കിട്ടുള്ള ബയ്യിങിന് അവർ തയാറായില്ല. ജാതിക്ക കിലോ 200þ-280 രൂപയിലും പരിപ്പ് 430þ-480 ലും ജാതിപത്രി 1100þ-1400 രൂപയിലും വിപണനം നടന്നു. 
കേരളത്തിൽ സ്വർണ വില താഴ്ന്നു. ആഭരണ കേന്ദ്രങ്ങളിൽ പവൻ 43,400 ൽ നിന്നും രണ്ട് മാസത്തെ താഴ്ന്ന നിരക്കായ 43,080 ലേയ്ക്ക് ഇടിഞ്ഞ ശേഷം ശനിയാഴ്ച അൽപം ഉയർന്ന് 43,320 രൂപയായി. 

Latest News